tv-r

# കാൽനട യാത്രപോലും ദുസഹം

തുറവൂർ: ദേശീയപാതയിൽ നിന്ന് ആരംഭിക്കുന്ന പത്മാക്ഷി ക്കവല -കാവിൽ പള്ളി റോഡ് പൂർണ്ണമായും തകർന്നതോടെ കാൽനടയാത്ര പോലും ദുർഘടമായി.

വലുതും ചെറുതുമായ നിരവധി കുഴികളാണ് റോഡിൽ പലയിടങ്ങളിൽ രൂപപ്പെട്ടിരിക്കുന്നത്. മെറ്റലുകൾ ഇളകി റോഡിൽ ചിതറിക്കിടക്കുന്നതുമൂലം ഇരുചക്രവാഹനങ്ങളും സൈക്കിൾ യാത്രക്കാരും തെന്നി വീഴുന്നത് നിത്യസംഭവമാണ്. വളമംഗലം തെക്ക്, കാവിൽ, ഒളതല തുടങ്ങിയ കിഴക്കൻ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ദേശീയ പാതയിലെത്താനുള്ള പ്രധാന പാതയാണ് തകർന്നു കിടക്കുന്നത്. നാലു വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് ഈ റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിൽ വൻ ക്രമക്കേട് കണ്ടതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധിക്കുകയും മന്ത്രിക്കും വിജിലൻസിനും പരാതി നൽകുകയും ചെയ്തു. എന്നാൽ റോഡിന്റെ ശോചനീയവസ്ഥയ്ക്ക് മാറ്റമില്ലാത്ത അവസ്ഥയാണ് ഇപ്പോഴും.

കാവിൽ പള്ളി തിരുനാളിനോടനുബന്ധിച്ച് പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികൾ അടയ്ക്കാറുണ്ട്. ഇതിന്റെ പേരിൽ പുനർനിർമ്മാണം അധികൃതർ വൈകിക്കുന്നുവെന്നാണ് പരക്കെയുള്ള ആക്ഷേപം. പട്ടണക്കാട് കാവിൽ സെന്റ് മൈക്കിൾസ് ഹൈസ്കൂൾ റോഡിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. നൂറ് കണക്കിന് വിദ്യാർത്ഥികളും റോഡ് തകർന്നത് മൂലം ദുരിതം അനുഭവിക്കുന്നു.നിരവധി സ്കൂൾ വാഹനങ്ങളും റോഡിലെ കുഴികൾ താണ്ടിയാണ് സഞ്ചരിക്കുന്നത്. മഴക്കാലം ആരംഭിക്കുന്നതിന് മുൻപേ റോഡ് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

.....................................

'ഇടറോഡുകൾ പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി പത്മാക്ഷിക്കവല-കാവിൽ പള്ളി റോഡ് ഉയർത്തി പുനർനിർമ്മിക്കും. ഇതിനായി എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി തുക അനുവദിച്ചിട്ടുണ്ട്. അന്ധകാരനഴി - പത്മാക്ഷിക്കവല റോഡ് നിർമ്മാണ ജോലികൾക്കൊപ്പം അധികം വൈകാതെ ഇതിന്റെ നിർമ്മാണവും ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്'

(കെ.ആർ.പ്രമോദ്, പ്രസിഡന്റ്, പട്ടണക്കാട് ഗ്രാമപഞ്ചായത്ത്)