കറ്റാനം: ലോട്ടറി ഫലം അടങ്ങുന്ന പേജ് വ്യാജമായി ഉണ്ടാക്കി ലോട്ടറി വില്പനക്കാരന്റെ 6000 രൂപ യുവാവ് കബളിപ്പിച്ചു. തമിഴ്നാട് സ്വദേശി കട്ടച്ചിറ കൊട്ടുവള്ളിൽ വീട്ടിൽ താമസിക്കുന്ന രംഗനാഥനാണ് (55) തട്ടിപ്പിനിരയായത്.14 ന് രാവിലെ 10 ന് പുളളിക്കണക്ക് എൻ.എസ്.എസ് കരയോഗത്തിന് സമീപമായിരുന്നു സംഭവം.
ബൈക്കിലെത്തിയ ആൾ കഴിഞ്ഞ ഒൻപതിന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റുകൾ നൽകിയ ശേഷം റിസൾട്ട് പേജും വില്പനക്കാരന് കൈമാറി. ഈ സമയം രംഗനാഥന്റെ കൈവശം റിസൾട്ട് പേജ് ഇല്ലായിരുന്നു. ഇന്റർനെറ്റ് കഫേകളിൽ നിന്നാണ് ലോട്ടറി വ്യാപരികൾ നറുക്കെടുപ്പിനു ശേഷം റിസൾട്ട് പേജിന്റെ പകർപ്പ് വാങ്ങുന്നത്. തന്റെ കൈവശമുള്ള ലോട്ടറി ടിക്കറ്റിന്റെ അവസാന നാലക്ക നമ്പർ വ്യാജ റിസൾട്ട് പേപ്പറിൽ ഉൾപ്പെടുത്തിയ ശേഷമാണ് യുവാവ് കബളിപ്പിക്കാൻ എത്തിയത്. മൂന്നു സീരീസുകളിലെ ഒരേ നമ്പരിലെ മൂന്നു ടിക്കറ്റുകളുമായാണ് ഇയാൾ എത്തിയത്. ധൃതി കാണിച്ച ഇയാൾക്ക് പെട്ടെന്നു തന്നെ 4000 രൂപയും ബാക്കി തുകയ്ക്ക് പുതിയ ലോട്ടറി ടിക്കറ്റും നൽകുകയായിരുന്നു. KL-02-3275 എന്ന നമ്പർ ബൈക്കിലാണ് തട്ടിപ്പുകാരൻ എത്തിയതെന്ന് രംഗനാഥൻ പറയുന്നു.