ഹരിപ്പാട്: കാർന്നു തിന്നുന്ന കാൻസറിന്റെ വേദന കടിച്ചമർത്തി പത്താം ക്ളാസ് പരീക്ഷയിൽ തിളങ്ങുന്ന വിജയം നേടിയ ഗൗതമിനെ കാണാൻ കളക്ടർ എസ്. സുഹാസ് എത്തി. ഇന്നലെ രാവിലെ 11 മണിയോടെ ഗൗതം താമസിക്കുന്ന വാടക വീട്ടിലാണ് സ്നേഹാന്വേഷണങ്ങളുമായി അദ്ദേഹം സന്ദർശനം നടത്തിയത്.
അനാരോഗ്യം കാരണം മൂന്നു വിഷയങ്ങൾ എഴുതാൻ കഴിഞ്ഞില്ലെങ്കിലും എഴുതിയ വിഷയങ്ങൾക്ക് മൂന്ന് വീതം എ പ്ളസും ബി പ്ളസും നേടിയാണ് ഗൗതം വിജയിച്ചത്. തിരുവനന്തപുരം ആർ.സി.സിയിലെ കിടക്കയിൽ അസുഖവുമായി പൊരുതവേയാണ് റിസൾട്ട് അറിഞ്ഞത്. എഴുതാൻ കഴിയാതിരുന്ന പരീക്ഷകൾ എഴുതാനായാണ് കഴിഞ്ഞ ദിവസം ഹരിപ്പാട്ടെ വാടക വീട്ടിൽ എത്തിയത്. 21, 22, 25 തീയതികളിൽ ആലപ്പുഴ മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ. കണക്ക്, ബയോളജി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളാണ് എഴുതാനുള്ളത്. വീട്ടിലെത്തിയ കളക്ടർ 15 മിനിറ്റോളം ഗൗതവുമായി സംസാരിച്ചു. വീടിന്റെ അന്തരീക്ഷവും സാമ്പത്തിക സ്ഥിതിയും, മാതാപിതാക്കളുടെ തൊഴിൽ വിവരങ്ങളുമെല്ലാം കളക്ടർ അന്വേഷിച്ചു. ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും സഹായം വേണമെങ്കിൽ അറിയിക്കണമെന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.
പള്ളിപ്പാട് രാമങ്കേരിയിൽ അജയകുമാറിന്റെയും അഡ്വ.ജിഷയുടെയും മകനാണ് ഹരിപ്പാട് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ഗൗതം. കാൻസറിനൊപ്പം മഞ്ഞപ്പിത്തവും ബാധിച്ച് അവശ നിലയിലായിരുന്നപ്പോഴും തനിക്ക് പരീക്ഷ എഴുതണമെന്ന വാശിയിലായിരുന്നു ഗൗതം. മകന്റെ ആഗ്രഹത്തിന് രക്ഷാകർത്താക്കളും കൈകോർത്തതോടെയാണ് ആർ.സി.സിയിൽ ചികിത്സയിലിരിക്കെയും പരീക്ഷ എഴുതിയത്. രാവിലെ 6.30 ഓടെ കാറിൽ 125 കിലോമീറ്റർ അകലെയുള്ള ഹരിപ്പാട്ടേക്ക് തിരിച്ച്, പരീക്ഷ എഴുതിയ ശേഷം ഉച്ചയ്ക്ക് തിരികെ ആശുപത്രിയിലേക്ക് പോകുന്ന രീതിയിലായിരുന്നു ക്രമീകരണം. വേദന സംഹാരികളും മറ്റ് മരുന്നുകളും മൂലമുള്ള മയക്കവും അസ്വസ്ഥതകളും ഈ മിടുക്കന്റെ ദൃഢനിശ്ചയത്തിന് മുന്നിൽ തോറ്റു. ഒടുവിൽ രക്തം ഛർദ്ദിച്ച് പരീക്ഷാ ഹാളിൽ വീണതോടെയാണ് ബാക്കിയുള്ള പരീക്ഷകൾ എഴുതാൻ കഴിയാതെ വന്നത്. 2017 ഡിസംബറിലാണ് ഗൗതമിന് രക്താർബുദം സ്ഥിരീകരിച്ചത്. ഹരിപ്പാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ളാസ് വിദ്യാർത്ഥിനി മീനാക്ഷി, നടുവട്ടം വി.എച്ച്.എസ് സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനി ഗൗരി എന്നിവരാണ് സഹോദരിമാർ.