f

ഹരിപ്പാട്: അയൽവീട്ടുകാർ അസഭ്യം പറഞ്ഞതിൽ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാർത്ഥിനിക്ക് നാട് കണ്ണീരോടെ വിടയേകി.കരുവാറ്റ മണക്കത്ത് മണലിൽ ഹരികുമാറിന്റെയും (രഘു) ബീനാറാണിയുടെയും ഏകമകൾ ഹൃദ്യ(18)ആണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

ഇന്നലെ രാവിലെ 11 ന് നടന്ന സംസ്കാര ചടങ്ങിൽ പങ്കെടുത്തവർ കണ്ണീരോടെയാണ് യാത്രാമൊഴിയേകിയത്. വീട്ടിൽ ചിതയൊരുക്കാൻ സൗകര്യം ഇല്ലാതിരുന്നതിനാൽ തോടിന് അക്കരെയുള്ള പറമ്പിലാണ് ഹൃദ്യയ്ക്ക് ചിതയൊരുങ്ങിയത്. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം വള്ളത്തിലാണ് ഇവിടേക്ക് മൃതദേഹം കൊണ്ടുപോയത്. ഹൃദ്യയുടെ മരണത്തിന് കാരണക്കാരെന്ന് സംശയിക്കുന്ന അയൽവീട്ടുകാരുടെ ബന്ധുക്കളിൽ ചിലർ സംസ്കാര ചടങ്ങിനെത്തിയത് ചെറിയ രീതിയിൽ തർക്കത്തിനിടയാക്കി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്‌ച വൈകിട്ട് ഏഴോടെയാണ് ഹൃദ്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിനു കാരണം അയൽവീട്ടുകാരാണെന്ന് ഭിത്തിയിൽ എഴുതി വച്ചിരുന്നു. സംഭവത്തിനു ശേഷം അയൽക്കാർ വീടുപൂട്ടി പോയതായി നാട്ടുകാർ പറഞ്ഞു. ഹൃദ്യയുടെ പശുക്കിടാവ് പറമ്പിൽ കയറിയതിനെ തുടർന്നാണ് അയൽവീട്ടിൽ താമസിക്കുന്ന താമസിക്കുന്ന ദമ്പതികളും അവരുടെ സഹോദരനും ചേർന്ന് അസഭ്യം പറഞ്ഞത്. ഹൃദ്യ മരിച്ച മുറി പൊലീസ് പൂട്ടിയിരിക്കുകയാണ്. ഇന്ന് മുറിയിൽ പരിശോധന നടത്തും.