ഹരിപ്പാട്: രാജഭരണകാലം മുതൽ ഹരിപ്പാട് ട്രഷറിയുമായി ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്ന ഭണ്ഡാരം കളക്ടർ എസ്.സുഹാസ് സന്ദർശിച്ചു. റീ ബിൽഡ് കേരള അവലോകന യോഗത്തിന് ശേഷമാണ് റവന്യു ടവറിന് സമീപം ശോച്യാവസ്ഥയിലുള്ള ഭണ്ഡാര കെട്ടിടം കാണണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞതനുസരിച്ച് കളക്ടർ സന്ദർശിച്ചത്.
ഇടിഞ്ഞ് പൊളിഞ്ഞും ചിലയിടങ്ങൾ ചോർന്നും നിൽക്കുന്ന കെട്ടിടം പുനരുദ്ധരിക്കാൻ തന്നാൽ കഴിയുന്നത് ചെയ്യാമെന്ന് കളക്ടർ ഉറപ്പ് നൽകി. മലയാള വർഷ കാർഷിക വിളവെടുപ്പുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിറപുത്തരി ചടങ്ങ് ഇവിടെയാണ് നടക്കുന്നത്. സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നു ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ആനപ്പുറത്ത് കൊയ്ത്ത്ത്കറ്റ ഇവിടെ എത്തിക്കും. പൂജിച്ച നെൽക്കതിർ ചടങ്ങുകളോടെ ഭണ്ഡാരത്തിന് മുകളിൽ കെട്ടും. സംസ്ഥാനത്ത് നിറപുത്തിരി ചടങ്ങ് നടക്കുന്ന ഏക സബ് ട്രഷറിയാണ് ഹരിപ്പാട്.