കുട്ടനാട്: രാമങ്കരി നല്ലാണിക്കൽ വീട്ടിൽ വിമുക്ത ഭടൻ കെ. ലംബോദരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 91,000 രൂപ നഷ്ടമായി. ഒൻപത് തവണകളായി ഏപ്രിൽ 28നും മേയ് മൂന്നിനുമിടയിലാണ് എ.ടി.എമ്മിലൂടെ ആരോ തുക പിൻവലിച്ചതെന്ന് ബോദ്ധ്യമായി.
മേയ് മൂന്നിന് മാത്രമാണ് പണം പിൻവലിച്ചതായി ഫോണിൽ സന്ദേശം ലഭിച്ചതെന്ന് രാമങ്കരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഈ സന്ദേശം ലംബോദരൻ കണ്ടിരുന്നില്ല. മേയ് 13ന് മിലിട്ടറി കാന്റീനിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം ബിൽ അടയ്ക്കാനായി കാർഡ് നൽകിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. 400 രൂപ മാത്രമായിരുന്നു അക്കൗണ്ടിൽ ഉണ്ടായിരുന്നത്. തുടർന്ന് ബാങ്കിലും, പൊലീസിലും പരാതി നൽകുകയായിരുന്നു. ബീഹാറിലെ എ.ടി.എമ്മുകളിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നതെന്ന് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിൽ വ്യക്തമായി.