സർക്കാർ സ്കൂൾ കെട്ടിടങ്ങൾക്ക് ഇനി ഒരേനിറം
ആലപ്പുഴ : സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസത്തിന്റെ 'നിറം മാറ്റാൻ" മാതൃകയാവുകയാണ് ജില്ല. സർക്കാർ സ്കൂളുകളുടെ കെട്ടിടങ്ങൾക്ക് ഏകീകൃത നിറം നൽകാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത് ജില്ലാ പഞ്ചായത്താണ്. നിലവിൽ പല സ്കൂളുകൾക്കും വ്യത്യസ്ത നിറങ്ങളാണ്. ജില്ലയിൽ പദ്ധതി വിജയമായാൽ സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം. ഇളംപച്ചയും മഞ്ഞയും ചേർന്നുള്ള നിറക്കൂട്ടാണ് ഏകീകൃതമായി നടപ്പാക്കുന്നത്.
മഞ്ഞയിൽ ഇളംപച്ച നിറത്തിലുള്ള ബോർഡറോടു കൂടിയതായിരിക്കും ഭിത്തികൾ. ഒറ്റനോട്ടത്തിൽ സർക്കാർ സ്കൂളുകൾ തിരിച്ചറിയാനാകും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലീൻ കാമ്പസ്, ഗ്രീൻ കാമ്പസ് പദ്ധതിയോടനുബന്ധിച്ചാണ് സ്‌കൂൾ കെട്ടിടങ്ങളിലെ ഈ നിറംമാറ്റം.
ആദ്യഘട്ടമായി അർത്തുങ്കൽ ഫിഷറീസ് സ്കൂൾ ഉൾപ്പെടെ ജില്ലയിൽ 47 സ്‌കൂളുകൾക്കാണ് ഒരേ നിറം പൂശുക. സർക്കാർ സ്‌കൂളുകളിലാണ് ഇപ്പോൾ പദ്ധതി നടപ്പാക്കുന്നതെങ്കിലും ഭാവിയിൽ മാനേജ്മെന്റുകളുടെ സഹകരണത്തോടെ എയ്ഡഡ് സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ചേക്കും
47
ജില്ലയിൽ 47സ്കൂളുകൾക്കാണ് ആദ്യഘട്ടത്തിൽ ഏകീകൃതനിറം
2
ഓരോ സ്കൂളിനും പെയിന്റിംഗിന് രണ്ട് ലക്ഷം രൂപ വീതം ജില്ലാ പഞ്ചായത്ത് നൽകും
നേതൃത്വം പി.ടി.എയ്ക്ക്
സ്കൂളുകളുടെ നിറം മാറ്റത്തിന്റെ നേതൃത്വം അതാത് പി.ടി.എകൾക്കാണ്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതാണ് പദ്ധതിയുടെ നടത്തിപ്പ് പി.ടി.എയിലേക്ക് എത്താൻ കാരണം. ഓരോ സ്‌കൂളിനും രണ്ടുലക്ഷം രൂപ വീതമാണ് അനുവദിക്കുന്നത്.
സ്‌കൂൾ പ്രിൻസിപ്പൽ അല്ലെങ്കിൽ ഹെഡ്മാസ്റ്റർ കൺവീനറും പി.ടി.എ പ്രസിഡന്റ് ചെയർമാനുമായുള്ള കമ്മിറ്റിയ്ക്കായിരിക്കും പദ്ധതി നടത്തിപ്പിന്റെ ചുമതല. 200 രൂപ മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിൽ ജില്ലാ പഞ്ചായത്ത് അസി.എക്സിക്യൂട്ടീവ് എൻജിനിയറുമായി കരാർ ഉണ്ടാക്കണം. തുടർന്ന് പെയിന്റിംഗിന്റെ എസ്റ്റ്മേറ്റ് പഞ്ചായത്ത് അസി.എൻജിനിയർ തയ്യാറാക്കി അംഗികാരം വാങ്ങണം. പ്രവൃത്തിക്ക് മുമ്പായി പി.ടി.എ കമ്മറ്റി പാൻകാർഡ് - ജി.എസ്.ടി രജിട്രേഷൻ എന്നിവ എടുക്കേണ്ടി വരും ഗുണഭോക്‌തൃ സമിതി മാനദണ്ഡപ്രകാരം ഒറിജിനൽ ബിൽ, മസ്റ്റർ റോൾ, ചെലവ് അംഗികരിച്ചുള്ള മിനിട്ട്സിന്റെ കോപ്പി എന്നിവ അസി. എൻജിനിയർക്ക് നൽകണം.
ആശങ്ക ഇല്ലാതില്ല !
പദ്ധതി നടത്തിപ്പിനെച്ചൊല്ലി ആശങ്കയും ഉയർന്നിട്ടുണ്ട്. ചില അവസരങ്ങളിൽ പി.ടി.എ ആദ്യം ഫണ്ട് കണ്ടെത്തണമെന്നതു തന്നെയാണ് വെല്ലുവിളി. . ജോലി പൂർത്തിയായാൽ ചെലവഴിച്ച തുക കൃത്യസമയത്ത് മടക്കിക്കിട്ടുമോയെന്ന ആശങ്കയും ചില പി.ടി.എ പ്രസിഡന്റുമാർക്കുണ്ട്.. നാലിൽ കൂടുതൽ കെട്ടിടങ്ങൾ ഉള്ള സ്‌കൂളുകൾക്ക് പെയിന്റിംഗിന് രണ്ടുലക്ഷം രൂപ തികയാതെ വരും. സ്‌കൂളിന്റെ നിറംമാറ്റത്തിനൊപ്പം അറ്റകുറ്റപ്പണികളും നടത്തേണ്ടതുണ്ട്. ഈ അദ്ധ്യയന വർഷത്തിന്റെ ആദ്യം തന്നെ ഇത് നടപ്പാകില്ലെന്ന വാദവും ഉയരുന്നുണ്ട്. ചുനക്കര ഗവ.എച്ച്.എസ്.എസിൽ പെയിന്റിംഗ് ജോലികൾ ഏതാണ്ട് പൂർത്തിയായി. ഇതുവരെ എസ്റ്റിമേറ്റ് എടുക്കാത്ത സ്‌കൂളുകളും ഉണ്ട്. ഈ അദ്ധ്യയന വർഷം അവസാനിക്കും മുമ്പെങ്കിലും എല്ലാ സർക്കാർ സ്കൂളുകളും ഒരേ നിറത്തിലാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
''നിറംമാറ്റത്തിന് ജില്ലാ പഞ്ചാത്ത് രണ്ട് ലക്ഷം രൂപവീതം ഓരോ പി.ടി.എക്കും നൽകും. പോരാതെ വരുന്ന തുക പി.ടി.എ കണ്ടെത്തണം. സംസ്ഥാനത്ത് വിജയശതമാനത്തിൽ മുന്നിൽ എത്തിയ കുട്ടനാട് ഉപജില്ലയിലെ കിടങ്ങറയിൽ വെച്ച് ജില്ലാതല പ്രവശനോത്സവം നടക്കും.
ജി.വേണുഗോപാൽ,
പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്