അത്യാഹിത വിഭാഗത്തിൽ ആവശ്യത്തിന് അറ്റൻഡർമാരില്ല
അമ്പലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ അറ്റൻഡർമാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു. അത്യാസന്ന നിലയിൽ ആംബുലൻസുകളിൽ എത്തിക്കുന്ന രോഗികളെപ്പോലും വളരെനേരം കഴിഞ്ഞാണ് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാൻ കഴിയുന്നത്.
ദേശീയപാതയിലും, സംസ്ഥാന പാതയിലും ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ പരിക്കേറ്റവരെ ആദ്യം കൊണ്ടുവരുന്നത് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കാണ് . മെഡിസിൻ,സർജറി അത്യാഹിത വിഭാഗങ്ങളിലായി ദിവസേന ചികിത്സ തേടി എത്തുന്നത് ആയിരത്തിലധികം പേരാണ്. ഒരു ഷിഫ്റ്റിൽ ഒരു അറ്റൻഡർ മാത്രമാണ് നിലവിൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടാകൂ. ഇവർ ഒരു രോഗിയെ പരിശോധനാ സ്ഥലത്ത് കൊണ്ടുപോയി മടങ്ങി വരുന്നതുവരെ മറ്റ് രോഗികൾ കാത്തു നിൽക്കണം. എന്നിട്ടും കൂടുതൽ അറ്റൻഡർമാരെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
ആംബുലൻസുകളിലും, സ്വകാര്യ വാഹനങ്ങളിലും രോഗികളുമായി ഇവിടെ എത്തിയാൽ അവരെ സ്ട്രെച്ചറിലോ വീൽച്ചെയറിലോ ആശുപത്രിക്കുള്ളിലേക്ക് പ്രവേശിപ്പിക്കാൻ അറ്റൻഡറുടെ സേവനം ലഭിക്കണമെങ്കിൽ ഏറെ നേരം കാത്തു നിൽക്കേണ്ടി വരും. ബന്ധുക്കളോ ആശുപത്രിയിലുള്ള സന്നദ്ധ പ്രവർത്തകരോ ആണ് പലപ്പോഴും ഇത്തരം രോഗികളെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോകുന്നത്. ആവശ്യത്തിന് സ്ട്രെച്ചറുകളും വീൽച്ചെയറും ഇല്ലാത്തതായിരുന്നു മുമ്പ് ഇവിടുത്തെ പ്രധാന പ്രശ്നം.എന്നാൽ, വിവിധ എൻജിനിയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾ സേവന സഹായത്തോടെ ഇവയെല്ലാം ഉപയോഗപ്രദമാക്കിയിട്ടുണ്ട്. കൂടുതൽ അറ്റൻഡർമാരെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നാണ് രോഗികളുടെയും ഒപ്പമെത്തുന്നവരുടെയും ആവശ്യം.