ഹരിപ്പാട്: കന്നിവിളവെടുപ്പിൽ തന്നെ നൂറ് മേനിയുടെ സന്തോഷത്തിലാണ് കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്തിലെ എന്റെ മണ്ണ് ഗ്രാമീണ കർഷക സംഘം പ്രവർത്തകർ. 'മണ്ണാണ് ജീവൻ മണ്ണിനെ മറക്കരുത്' എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് സംഘത്തിന്റെ തുടക്കം വിജയകരമായതോടെ പ്രവർത്തകർ ആത്മവിശ്വാസത്തിലാണ്. പഞ്ചായത്തിലെ 12 കർഷകരാണ് മഹാദേവികാട് കേന്ദ്രമാക്കി രൂപീകരിച്ചിരിക്കുന്ന എന്റെ മണ്ണ് ഗ്രാമീണ കർഷക സംഘം കൂട്ടായ്മലിലുള്ളത്. കാർത്തികപ്പള്ളിയുടെ മണ്ണിനെ ജീവസ്സുറ്റതാക്കുക, ജൈവ കൃഷി വ്യാപകമാക്കുക, തരിശു ഭൂമികൾ കൃഷിയോഗ്യമാക്കുക, ആളുകളെ കൃഷിയിൽ തല്പരരാക്കുക, ജൈവ ഉത്പന്നങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് സംഘം ലക്ഷ്യമിടുന്നത്. വർഷങ്ങളായി തരിശ് കിടന്ന പെരുമാറ്റം പള്ളിയിലെ നാലേക്കർ സ്ഥലമാണ് കൃഷിക്കായി പാട്ടത്തിനെടുത്തത്. ഇവിടെ ഒന്നരയേക്കർ പുരയിടത്തിൽ എള്ള് വിതച്ചുകൊണ്ടാണ് കാർഷിക വൃത്തിക്ക് തുടക്കം കുറിച്ചത്. കടുത്ത വേനലും അനുയോജ്യമല്ലാത്ത മണ്ണുമായതിനാൽ പ്രതീക്ഷിച്ച വിളവ് എള്ള് കൃഷിക്ക് കിട്ടിയില്ലെങ്കിലും തുടർന്നിറക്കിയ പച്ചക്കറി കൃഷി നൂറ്മേനി വിജയമായി. തക്കാളി, വഴുതന, പാവൽ, പടവലം, മുളക്, ചീര, കിഴങ്ങ് വർഗങ്ങൾ തുടങ്ങി വിവിധങ്ങളായ വിളകൾ കൃഷി ചെയ്തു. ഇപ്പോൾ പച്ചക്കറി വിളവെടുപ്പ് ആരംഭിച്ചു. കാർത്തികപ്പള്ളി പഞ്ചായത്തിലെ പ്രധാന കർഷകൻ കെ.ഉദയകുമാറാണ് കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്.
ന്യായ വിലയ്ക്ക് ഉത്പന്നങ്ങൾ
ജൈവ രീതിയിൽ നടത്തുന്ന കൃഷിയായതിനാൽ ഉത്പന്നങ്ങൾക്ക് ആവശ്യക്കാരും ഏറെയാണ്. നാട്ടുകാർ തോട്ടത്തിലെത്തി വാങ്ങുന്നത് കൂടാതെ സമീപ പ്രദേശങ്ങളിലെ കൃഷിവകുപ്പിന്റെ ഇക്കോഷോപ്പുകൾക്ക് എത്തിച്ച് കൊടുക്കുന്നുമുണ്ട്. ആളുകളെ കൃഷിക്ക് തല്പരരാക്കാൻ ലക്ഷ്യമിട്ട് എന്റെമണ്ണിന്റെ ഗ്രോബാഗ് രണ്ടെണ്ണം 25 രൂപക്കും വളം നിറച്ച ഗ്രോബാഗ് ഒന്നിന് 60 രൂപാ നിരക്കിലും വില്പന നടത്തുന്നുണ്ട്. ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ, കാർഷിക ഉപകരണങ്ങൾ തുടങ്ങിയവയും ന്യായവിലക്ക് കർഷകർക്ക് ലഭ്യമാക്കാനുള്ള പദ്ധതിയും സംഘം ആവിഷ്കരിച്ചിട്ടുണ്ട്.
മണ്ണിനെ പഴിപറഞ്ഞ് സാദ്ധ്യതകൾ ഉപയോഗപ്പെടുത്താതെ ഭൂമി തരിശിടുന്ന ആളുകളുടെ മനോഭാവം മാറ്റിയെടുക്കുകയാണ് പ്രധാന ലക്ഷ്യം.
കാർത്തികപ്പള്ളി കൃഷി ഓഫീസർ ആർ. സുനിൽകുമാറിന്റെയും സഹപ്രവർത്തകരുടെയും പിന്തുണയാണ് പ്രചോദനം.
എന്റെ മണ്ണ് പ്രസിഡന്റ്
രാജേന്ദ്രപ്രസാദ് കുറവുതറ