വളളികുന്നം: പ്രധാന നിരത്തുകളിലും സ്‌കൂൾ പരിസരങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് വ്യാപകമായിട്ടും അധികൃതർ നടപടിയെടുക്കാത്തതിനെതിരെ ജനരോഷം ശക്തമാകുന്നു. വള്ളികുന്നം- കറ്റാനം മേഖലകളിലാണ് അറവുമാലിന്യങ്ങൾ ഉൾപ്പെടെ പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും നിറച്ച് തള്ളുന്നത്.
വള്ളികുന്നം മണയ്ക്കാട് ജംഗ്ഷനു സമീപം കടേയ്ക്കത്തറ- ഇലിപ്പക്കുളം ഗുരുക്ഷേത്രം റോഡിന്റെ വശങ്ങളിലും, ചൂനാട് യു.പി സ്‌കൂളിന്റെ ഭിത്തിയോട് ചേർന്നുമാണ് കഴിഞ്ഞ ദിവസം മാലിന്യം നിക്ഷേപിച്ചത്. കറ്റാനം പോപ് പയസ് സ്‌കൂളിന് സമീപവും സി.എം.എസ് സ്‌കൂളിന് സമീപമുള്ള ഓടയിലും വൻതോതിൽ അറവു മാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും തള്ളി.
മേഖലയിലെ ഉൾപ്രദേശങ്ങളിലും, ആളൊഴിഞ്ഞ പറമ്പുകളിലും മാലിന്യം തള്ളുന്നത് പതിവായി. ഇവിടെ നിന്നുയരുന്ന ദുർഗന്ധം കാരണം വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ചാക്കുകണക്കിന് മാലിന്യമാണ് രാത്രിയുടെ മറവിൽ വാഹനങ്ങളിൽ എത്തിച്ച് വലിച്ചെറിയുന്നത്. മാലിന്യം ഭക്ഷിക്കാനായി തെരുവുനായ്ക്കൾ ഇവിടെ തമ്പടിക്കുന്നതും യാത്രക്കാർക്ക് ഭീഷണിയാണ്. ഇപ്പോഴത്തെ രീതിയിൽ മാലിന്യ നിക്ഷേപം തുടർന്നാൽ മഴക്കാലമാകുന്നതോടെ സ്ഥിതി ഗുരുതരമാകും. മാലിന്യങ്ങൾ വെള്ളത്തിൽ കലരുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
സി.സി ടിവി വേണം
ഒരു വർഷം മുമ്പ് പ്രദേശത്ത് മാലിന്യ നിക്ഷേപം രൂക്ഷമായപ്പോൾ നാട്ടുകാർ സംഘടിച്ച് രാത്രികാലങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതോടെ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവർ പിൻവാങ്ങി. എന്നാൽ, നാട്ടുകാർ നിരീക്ഷണം നിറുത്തിയതോടെ മാലിന്യ നിക്ഷേപം വീണ്ടും തുടങ്ങി. മാലിന്യം തള്ളുന്നവർക്കെതിരെ പഞ്ചായത്ത് നടപടിയെടുക്കണമെന്നും സി.സി ടിവികൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.