മാന്നാർ: തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹലബ്ധി സ്മാരക മഹായജ്ഞത്തിന്റെ ഭാഗമായി നടന്ന ഗജമേളയും കുടമാറ്റവും കാണാൻ ആയിരങ്ങളെത്തി. പള്ളിക്കൽ തോട് പുരുഷോത്തമന്റെ നേതൃത്വത്തിൽ അരങ്ങേറിയ പഞ്ചാരിമേളവും കാണികളിൽ ആവേശമുയർത്തി.
തിരുവൻവണ്ടൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടന്ന ഗജമേള സിനിമാതാരം താരാ കല്യാൺ ഉദ്ഘാടനം ചെയ്തു . മഹായജ്ഞ കമ്മിറ്റി ചെയർമാൻ എ.ആർ രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ടി.ആർ രാജ് കുമാർസ്വാഗതം പറഞ്ഞു.
പുതുപ്പള്ളി കേശവൻ ഗോശാലകൃഷ്ണന്റെ തിടമ്പേറ്റി. പുതുപ്പള്ളി സാധു, അമ്പാടി മഹാദേവൻ എന്നീ ഗജവീരന്മാർ അകമ്പടി സേവിച്ചു.ഇവയ്ക്കു പറമേ പുതുപ്പള്ളി അർജ്ജുൻ, വേമ്പനാട് അർജ്ജുൻ, ചൂരൂരുമഠം രാജശേഖരൻ തുടങ്ങിയ ആനകൾ ഘോഷയാത്രയിലും ഗജമേളയിലും പങ്കെടുത്തു .ഗജമേളയ്ക്ക് സംഘാടകരും പൊലീസും ചേർന്ന് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.