ആലപ്പുഴ: എക്സിറ്റ് പോൾ ഫലം ഫലിക്കുമോ? അതോ വോട്ടെണ്ണുമ്പോൾ മാറിമറിയുമോ‌? എല്ലാവർക്കും അറിയേണ്ടത് അതായിരുന്നു.

ജില്ലയിൽ ഇന്നലെ നാലാൾ കൂടിയടുത്തെല്ലാം നിറഞ്ഞുനിന്നത് എക്സിറ്റ് പോൾ ഫലത്തെപ്പറ്റിയുള്ള ചൂടേറിയ ചർച്ചയായിരുന്നു. ഇടതുപക്ഷത്തിന് ആലപ്പുഴയിൽ മുൻതൂക്കമെന്ന ചില എക്സിറ്റ്പോൾ വിലയിരുത്തൽ ചർച്ചയിൽ പങ്കെടുത്ത സഖാക്കളെ കോരിത്തരിപ്പിച്ചെങ്കിലും കോൺഗ്രസുകാർ നഖശിഖാന്തം എതിർത്തു. ബി.ജെ.പി പ്രവർത്തകർ മിതത്വം പാലിച്ചു. ദേശീയതലത്തിൽ എൻ.ഡി.എ അധികാരത്തിൽ വരുമെന്ന് എല്ലാ എക്സിറ്റ്പോൾ ഫലങ്ങളും വെളിപ്പെടുത്തിയതിനാൽ ബി.ജെ.പിക്കാർക്ക് ആലപ്പുഴ അത്ര വലിയൊരു പ്രശ്നമായില്ല.

ആലപ്പുഴ എൽ.ഡി.എഫിനെന്ന് മലയാളത്തിലെ ഒരു എക്സിറ്റ്പോൾ പറയുമ്പോൾ മറ്റൊരു എക്സിറ്റ്പോളിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്ല്യ സാദ്ധ്യതയാണ് പ്രവചിക്കുന്നത്.

എൽ.ഡി.എഫിന് ഇമ്മിണി മുൻതൂക്കം ചില എക്സിറ്റ്പോൾ ഫലങ്ങൾ നൽകുന്നത് കോൺഗ്രസ് പ്രവർത്തകരെ ലേശം നിരാശയിലാക്കി. എങ്കിലും ആലപ്പുഴയിലും മാവേലിക്കരയിലും ജയിച്ചു കയറുമെന്ന ആത്മവിശ്വാസമാണ് യു.ഡി.എഫ് നേതാക്കൾക്കുള്ളത്. എൽ.ഡി.എഫിലാകട്ടെ

ആലപ്പുഴയിലെ എക്സിറ്റ് പോൾ പ്രതീക്ഷ പകരുന്നു.

............................................

എക്സിറ്റ്പോൾ ഫലമല്ല യാഥാർത്ഥ്യമാകാൻ പോകുന്നത്. ആലപ്പുഴയിലും മാവേലിക്കരയിലും യു.ഡി.എഫ് ജയിക്കും. ദേശീയതലത്തിൽ കോൺഗ്രസ് വരും. ആലപ്പുഴയിൽ സി.പി.എമ്മിന് വർഷങ്ങളായി വോട്ട് ചെയ്തുകൊണ്ടിരുന്നവരും കോൺഗ്രസിന് വോട്ട് ചെയ്തു. അതൊരു വികാരമായിരുന്നു. സംസ്ഥാന ഭരണത്തോടുള്ള വെറുപ്പും മോദിയെ താഴെയിറക്കി രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനുള്ള ജനങ്ങളുടെ വികാരവും. അത് യു.ഡി.എഫിന് അനുകൂലമായി. അതുകൊണ്ട് എക്സിറ്റ് പോളിനപ്പുറത്തേക്ക് ഫലം കുതിക്കും. ഒരു സംശയവും വേണ്ട. ഷാനിമോൾക്കും കൊടിക്കുന്നിൽ സുരേഷിനും വിജയം ഉറപ്പ്.

(എം.ലിജു, ഡി.സി.സി പ്രസിഡന്റ്)

..............................................................


എക്സിറ്റ്പോളിൽ കാര്യമില്ല. സംസ്ഥാനത്ത് യു.ഡി.എഫ് മുന്നേറുമെന്നത് എങ്ങനെ അംഗീകരിക്കാനാകും. ആലപ്പുഴയിൽ എൽ.ഡി.എഫ് ജയിക്കുമെന്ന് നേരത്തെ തന്നെ ഞങ്ങൾ പറഞ്ഞിട്ടുള്ളതാണ്. അതിൽ തർക്കമില്ല. ബി.ജെ.പിക്കാർക്ക് പോലും ഉൾക്കൊള്ളാൻ പറ്റാത്ത ആളായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി. ബി.ജെ.പിയുടെ കുറേ വോട്ടുകൾ എൽ.ഡി.എഫിന് കിട്ടി. ശബരിമല പ്രശ്നത്തിൽ വോട്ട് യു.ഡി.എഫിനും എൻ.ഡി.എയ്ക്കും പോയി എന്നത് ശരിയല്ല. അത് തെറ്റിദ്ധാരണയാണ്. പ്രചാരണകാലത്ത് തന്നെ ഞങ്ങൾ യാഥാർത്ഥ്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തി. അതുകൊണ്ട് അങ്ങനെ ഒരു വോട്ടും പോയിട്ടില്ല.

(ആർ.നാസർ, സി.പി.എം ജില്ലാ സെക്രട്ടറി)

.................................................................

എൻ.ഡി.എ വീണ്ടും അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. അതിന് ആനുപാതികമായ വിജയം ആലപ്പുഴയിലുമുണ്ടാകും. എൻ.ഡി.എയ്ക്ക് പത്ത് ശതമാനം വോട്ടാണ് ആലപ്പുഴയിൽ എക്സിറ്റ്പോൾ ഫലങ്ങളിൽ പറയുന്നത്. അതിനപ്പുറത്തേക്ക് വോട്ട് ശതമാനം ഉയരും. ഒരു സംശയവും വേണ്ട. എൽ.ഡി.എഫ് വിജയിക്കുമെന്നാണ് ചില എക്സിറ്റ്പോൾ ഫലങ്ങൾ പറയുന്നത്. അങ്ങനെ വന്നാൽ ബി.ജെ.പിക്ക് വോട്ട് കൂടും. യു.ഡി.എഫിന് വോട്ട് കുറയും. എൻ.ഡി.എയ്ക്ക് ആലപ്പുഴയിൽ പത്ത് ശതമാനം വോട്ടല്ല കിട്ടുക. അതിനപ്പുറത്തേക്ക് ഉയരും

(കെ.സോമൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ്)