തണൽ മരങ്ങൾ മുറിച്ച് റോഡരികിലിട്ടിരിക്കുന്നത് യാത്രാതടസമുണ്ടാക്കുന്നു
തുറവൂർ : പാതയോരത്തു നിന്ന് വെട്ടി മാറ്റിയ തണൽവൃക്ഷങ്ങളുടെ തടി റോഡിൽ നിന്ന് മാറ്റുന്നതിൽ അധികൃതർക്ക് അനാസ്ഥ. യാത്രാ തടസം ഉണ്ടാക്കുന്നതിനു പുറമേ, തടി മഴയും വെയിലുമേറ്റ് നശിക്കുന്നതിലൂടെ വരുമാന നഷ്ടവും ഉണ്ടാകും. നശിക്കുന്നതിന് മുമ്പ് തടി ലേലം ചെയ്ത് കൊടുത്താൽ സർക്കാരിന് അതൊരു വരുമാനമാകും.
അരൂർ-ഒറ്റപ്പുന്ന നാലുവരിപ്പാതയിലും അരൂർ - തോപ്പുംപടി സംസ്ഥാന പാതയിലുമുള്ള തണൽമരങ്ങൾ മുറിച്ച തടിയാണ് പാതയോരത്ത് അപകട ഭീഷണിയുയർത്തി ഇട്ടിരിക്കുന്നത്. ആറ് മാസം മുമ്പാണ് തുറവൂർ ജംഗ്ഷനിലെ വൻ തണൽമരം കാന നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് മുറിച്ചു മാറ്റിയത്. നിത്യേന ആയിരക്കണക്കിന് പേർ ചികിത്സ തേടിയെത്തുന്ന തുറവൂർ താലൂക്കാശുപത്രിയുടെ പ്രവേശന കവാടത്തിനരികിലും നൂറ് കണക്കിന് കുട്ടികൾ പഠിക്കുന്ന തുറവൂർ വെസ്റ്റ് ഗവ.യു.പി.സ്കൂളിന് മുന്നിലുമായാണ് വൃക്ഷത്തിന്റെ തടി ഇട്ടിരിക്കുന്നത്.
തുറവൂർ തെക്ക് പുത്തൻ ചന്തയിൽ റോഡിലേക്ക് ചാഞ്ഞു നിന്ന മരം മുറിച്ച് റോഡിന്റെ ഇരുഭാഗങ്ങളിലുമായി ഇട്ടിട്ട് മാസങ്ങളായി. കാൽനട യാത്രക്കാരുടെ വഴിമുടക്കിയായി മാറിയിരിക്കുകയാണ് ഇവയിപ്പോൾ. തടികളിൽ ചിലത് മോഷണം പോയിട്ടുമുണ്ട്. സംസ്ഥാന പാതയിൽ അരൂർ -- ഇടക്കൊച്ചി പാലത്തിനരികിൽ നിന്നിരുന്ന മഹാഗണി മരത്തിന്റെ തടികൾ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടമുണ്ടാകും വിധം റോഡരികിലിട്ടിരിക്കുകയായിരുന്നു . ഇവിടെ അപകടങ്ങൾ തുടർക്കഥയായതോടെ അരൂർ അഗ്നിശമന സേന അസി. സ്റ്റേഷൻ ഓഫീസർ കെ.വി.മനോഹരനും സംഘവും ചേർന്ന് തടി റോഡിൽ നിന്ന് നീക്കം ചെയ്തു. സർക്കാർ ഉടമസ്ഥതയിലുള്ള മരത്തടികൾ പരസ്യലേലം നടത്തി മാത്രമേ വിൽക്കാവൂ എന്നാണ് ചട്ടം.
'' സാങ്കേതിക കാരണങ്ങളാലാണ് തടിയുടെ പരസ്യ ലേലം വൈകിയത്. ഉടൻ തന്നെ വിവിധ ഭാഗങ്ങളിൽ കിടക്കുന്ന മരത്തടികൾ ലേലം നടത്തും
എൻ.എസ്. ജയകുമാർ,
അസി.എൻജിനിയർ,
ദേശീയപാത വിഭാഗം, പട്ടണക്കാട് സെക്‌ഷൻ