ambalapuzha-news

 കന്നാ മുക്കിൽ ചോർച്ച അടച്ചപ്പോൾ കേളമംഗലത്ത് പൊട്ടി

അമ്പലപ്പുഴ : നാട്ടുകാർക്ക് തീരാശാപമായി, ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പൈപ്പ് പൊട്ടൽ തുടരുന്നു. ഇത്തവണ ആലപ്പുഴ- തിരുവല്ല പാതയിൽ കേളമംഗലത്താണ് പൈപ്പ് പൊട്ടിയത്. തകഴി കന്നാ മുക്കിൽ പൈപ്പ് പൊട്ടിയത് പരിഹരിച്ച് കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചിട്ട് രണ്ട് ദിവസം തികയുന്നതിനു മുമ്പാണ് അടുത്തിടത്ത് പൊട്ടിയത്. കേളമംഗലത്ത് മുമ്പ് പൊട്ടിയ ഭാഗത്തു നിന്ന് 50 മീറ്റർ മാറിയാണ് ഇപ്പോൾ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്. വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ റോഡിലെ ടാറിംഗ് പല സ്ഥലത്തും ഇളകിത്തുടങ്ങി.

കന്നാ മുക്കിൽ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് അഞ്ച് ദിവസമാണ് ആലപ്പുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ള വിതരണം മുടങ്ങിയത്. ഇതിനെതിരെ ജനരോഷം ശക്തമായിരുന്നു.

ചെക്കിടിക്കാടു മുതൽ കരുമാടി വരെ 9 സ്ഥലത്താണ് അടുത്തിടെ പൈപ്പിൽ അറ്റകുറ്റപ്പണി നടത്തിയത്. അറ്റകുറ്റപ്പണിക്കായി റോഡിൽ കുഴിയെടുത്ത ഭാഗം ടാർ ചെയ്യാത്തത് വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഗതാഗതക്കുരുക്കിനും കാരണമാകുന്നു.

പൈപ്പിൽ വീണ്ടും അറ്റകുറ്റപ്പണി നടത്തേണ്ടി വരുമ്പോൾ പമ്പിംഗ് മുടങ്ങുകയും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും ചെയ്യും. വാട്ടർ അതോറിട്ടിക്കും വൻ ബാദ്ധ്യതയാണ് ആലപ്പുഴ കുടിവെള്ള പദ്ധതി വരുത്തി വയ്ക്കുന്നത്. പൈപ്പിലെ അറ്റകുറ്റപ്പണിക്കായി റോഡ് കുഴിക്കണമെങ്കിൽ അറ്റകുറ്റപ്പണിക്കുള്ള പണം പൊതുമരാമത്തുവകുപ്പിന് കൈമാറണം.

നിലവാരം കുറഞ്ഞ പൈപ്പുകളാണ് ഈ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നതെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് തുടർച്ചയായുണ്ടാകുന്ന പൈപ്പുപൊട്ടൽ.