തുറവൂർ: മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയ ദേശീയപാതയും ഇടറോഡുകളും തുറവൂരിൽ പഴയ സ്ഥിതിയിൽ തന്നെ. മുക്ക് പൊത്താതെ പേടത്തും കൂടെ കടന്നു പോകാനാവുന്നില്ല. ഇറച്ചിക്കടകളിലെ അറവുമാലിന്യങ്ങളും അടുക്കള മാലിന്യവുമൊക്കെ തള്ളാനുള്ള ഒരു എളുപ്പമാർഗ്ഗമായിരിക്കുകയാണ് പാതയോരങ്ങൾ. ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലകളിൽ കക്കുസ് മാലിന്യങ്ങൾ തള്ളുന്നത് പതിവായിട്ടും ഇതിനെതിരെ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഗ്രാമപഞ്ചായത്തുകളുടെ മാലിന്യനീക്കം പലയിടത്തും പേരിലൊതുങ്ങിയതായാണ് ആക്ഷേപം.പ്രധാന പൊതുതോടുകളും കായലുകളും മാലിന്യവാഹിനിയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും ഖരമാലിന്യങ്ങളും പീലിംഗ് ഷെഡുകളിൽ നിന്ന് പുറന്തള്ളുന്ന മലിനജലവും വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള രാസമാലിന്യങ്ങളും നിറഞ്ഞ് ജലാശയങ്ങൾ മലീമസമായി.
ജലാശയങ്ങളുടെ ശുചീകരണം നടത്താൻ അതത് പഞ്ചായത്തുകൾ മടിക്കുന്നു. മേഖലയിലെ കുളങ്ങളും തോടുകളും പ്ലാസ്റ്റിക് കുപ്പികളും കവറുകളും ചപ്പുചവറുകളും കൊണ്ട് നിറഞ്ഞു കിടക്കുന്നു. പട്ടണക്കാട് ബ്ലോക്കിന്റെ പരിധിയിൽ വരുന്ന എട്ട് പഞ്ചായത്തുകളിൽ പലേടത്തും മാലിന്യങ്ങൾ നീക്കാനുള്ള പ്രവർത്തനം ഫലം കണ്ടില്ല.ചില പഞ്ചായത്തുകളിൽ മാലിന്യങ്ങൾ നീക്കിയതുമില്ല. അരൂർ പഞ്ചായത്തിൽ കെൽട്രോൺ ജംഗ്ഷന് തെക്ക് ഭാഗത്ത് ദേശീയ പാതയോരത്ത് ചാക്കുകളിലും കവറുകളിലുമാക്കി തള്ളിയിരുന്ന മാലിന്യം നീക്കിയതാണ്. എന്നാൽ ഇവിടെ വീണ്ടും മാലിന്യം നിറഞ്ഞു.
ചിത്രം: ദേശീയപാതയിൽ തുറവൂർ ആലയ്ക്കാപറമ്പ് മാലിന്യം നിറഞ്ഞനിലയിൽ