ചേർത്തല: കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദുപത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ പ്രവീൺകുമാർ പരാതി നൽകി. അഭിഭാഷകൻ സണ്ണി മർക്കോസ് മുഖേനയാണ് പരാതി നൽകിയത്.
ബിന്ദുവിന്റെ തിരോധാനം നിലവിൽ അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്.
ബിന്ദുവിന്റെ പേരിൽ പട്ടണക്കാട് സബ് രജിസ്ട്രാർ ഓഫീസിൽ വ്യാജ വിൽപത്രം തയ്യാറാക്കി തട്ടിപ്പു നടത്തിയത് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 11 പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നായിരുന്നു വകുപ്പ് നൽകിയ റിപ്പോർട്ട്. പുനരന്വേഷണം ആവശ്യപ്പെട്ട് പ്രവീൺകുമാർ മന്ത്രി ജി. സുധാകരന് നൽകിയ അപേക്ഷയെ തുടർന്ന് രജിസ്‌ട്രേഷൻ വകുപ്പ് പുനരന്വേഷണം നടത്തുകയാണ്.
ബിന്ദു പത്മനാഭനുമായി ബന്ധപ്പെട്ട് നടത്തിയ ഭൂമി ഇടപാടുകളിലെല്ലാം ദുരൂഹതകളുണ്ടെന്നും ഇതിൽ ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. വ്യാജ വിൽപത്രം തയ്യാറാക്കി ഇടപ്പള്ളിയിലെ 11 സെന്റ് സ്ഥലം തട്ടിയതിന് പുറമെ ബിന്ദുവിന്റെ അമ്മ അംബികാദേവിയുടെ പേരിലുണ്ടായിരുന്ന, സർക്കാർ കണ്ടുകെട്ടിയിരുന്ന ഭൂമി ബിന്ദുവിന്റെ പേരിലാക്കിയും കച്ചവടം നടന്നിട്ടുണ്ട്.
ബിന്ദുപത്മനാഭനെ കാണാനില്ലെന്ന് 2017 സെപ്തംബറിലാണ് സഹോദരൻ പ്രവീൺകുമാർ അഭ്യന്തരവകുപ്പിനു പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് വ്യാജരേഖ തട്ടിപ്പു കണ്ടെത്തിയത്. ചേർത്തല ഡിവൈ.എസ്.പിയായിരുന്ന എ.ജി. ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. എന്നാൽ ബിന്ദുവിന്റെ തിരോധാനം അന്വേഷിച്ച സംഘത്തിന് ബിന്ദു ജീവിച്ചിരിപ്പുണ്ടോ എന്നു പോലും കണ്ടെത്താനായില്ല. തുടർന്നാണ് 2018 ഡിസംബറിൽ ബിന്ദുപത്മനാഭനുമായി ബന്ധപ്പെട്ട മുഴുവൻകേസുകളും ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് അന്വേഷണവും ഒച്ചിഴയും വേഗത്തിലാണെന്ന് ആക്ഷേപമുണ്ട്.