മാന്നാർ: മാന്നാറിൽ ട്രാഫിക് കുരുക്ക് മുറുകുമ്പോഴും ബൈപാസ് സ്വപ്നമായി തന്നെ അവശേഷിക്കുന്നു. പരുമലക്കടവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി മാന്നാറിൽ ബൈപാസ് നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുക്കവലയായ പരുമലക്കടവിൽ വലിയ വാഹനങ്ങൾ നിരനിരയായി എത്തിയാൽ ആകെ കുരുങ്ങും. പൊലീസ് മണിക്കൂറുകളോളം പണിപ്പെട്ടാണ് പലപ്പോഴും ഈ കുരുക്കഴിച്ചെടുക്കുന്നത്.
ചെങ്ങന്നൂരിൽ നിന്ന് പാണ്ടനാട് വഴി മാന്നാറിലേക്കുള്ള വാഹനങ്ങളും മാവേലിക്കരയിൽ നിന്നും മാന്നാർ വഴി തിരുവല്ലയ്ക്ക് പോകുന്ന വാഹനങ്ങളും പരുമലക്കടവിലാണ് എത്തിച്ചേരുന്നത്. ഈ ഭാഗത്ത് റോഡിന് വീതി വളരെ കുറവാണ്. ഈ റോഡിന്റെ ഇരുവശത്തുമാണ് വ്യാപാര സ്ഥാപനങ്ങളിൽ ഏറെയും. പൈതൃക ഗ്രാമമായ ഇവിടെ കടകൾ പൊളിച്ചുമാറ്റി റോഡിന് വീതികൂട്ടാൻ കഴിയില്ല. പരുമല ആശുപത്രിയിലേക്ക് മാവേലിക്കര, എടത്വ, തിരുവല്ല എന്നിവിടങ്ങളിൽ നിന്ന് രോഗികളുമായെത്തുന്ന വാഹനങ്ങളും പരുമലക്കടവ് ജംഗ്ഷൻ വഴിയാണ് പോകേണ്ടത്. അത്യാസന്ന നിലയിലുള്ള രോഗികളേയും കൊണ്ടെത്തുന്ന വാഹനങ്ങൾ ട്രാഫിക് കുരുക്കിൽപ്പെട്ട് കിടക്കുന്നത് ഇവിടെ പതിവ് കാഴ്ചയാണ്.
''മാന്നാറിലെ ഗാഗതക്കുരുക്കിന് പരിഹാരം കാണാൻ പരുമല ജംഗ്ഷനിൽ പ്രവേശിക്കാതെ പന്നായി പാലത്തിൽ എത്തുന്ന തരത്തിൽ ബൈപാസ് നിർമ്മിക്കും. ഇതിനായുള്ള നിർദേശം സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്
സജി ചെറിയാൻ എം.എൽ.എ
മാവേലിക്കര തട്ടാരമ്പത്തിൽ നിന്ന് വലിയപെരുമ്പഴ വഴി ചേക്കോട്ട ജംഗ്ഷൻ മുല്ലശ്ശേരിക്കടവ് വരെ വീതിയുള്ള റോഡുണ്ട്.ഇവിടെ നിന്ന് സൈക്കിൾമുക്കിലേക്ക് ഒരു പാലം പണിയുകയോ അല്ലങ്കിൽ മുല്ലശ്ശേരി കടവിൽ നിന്ന് പന്നായി പാലത്തിൽ എത്താനുള്ള റോഡിന്റെ വീതി കൂട്ടുകയോ ചെയ്യണം. ഇതു വഴി ബൈപ്പാസ് നിർമ്മിച്ചാലും മാന്നാർ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
സജി വിഴലയിൽ
വ്യാപാരി വ്യവസായി ഏകോപന സമിതി
മാന്നാർ യൂണിറ്റ് ട്രഷറർ