obit

കായംകുളം: കായംകുളത്തെ സർവ്വ മേഖലകളിലും സജീവ സാന്നിദ്ധ്യമായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ നഗരസഭ മുൻ ചെയർമാൻ ടി.എ. ജാഫർകുട്ടി. ശുഭ്രവസ്ത്രം ധരിച്ച്, സ്നേഹം തുളുമ്പുന്ന പുഞ്ചിരിയുമായി നടന്നു പോകുന്ന ടി.എ രാഷ്ട്രീയ ഭേദമെന്യേ ഏവർക്കും പ്രിയങ്കരനായിരുന്നു.

രണ്ടുപതിറ്റാണ്ടുകാലം കായംകുളം നഗരസഭാ കൗൺസിലറും, ഒൻപത് വർഷം ചെയർമാനും ആയിരുന്നു ജാഫർകുട്ടി. പദവി ഒഴിഞ്ഞെങ്കിലും കായംകുളത്തുകാർ അദ്ദേഹത്തെ 'ചെയർമാൻ' എന്നുതന്നെ വിളിച്ചു. രാഷ്ടീയത്തിൽ സംശുദ്ധത കാത്തുസൂക്ഷിച്ച ടി.എ പൊതുപ്രവർത്തനം ജനസേവനമായി കണ്ട നേതാവായിരുന്നു. മുൻ ധനകാര്യ മന്ത്രിമാരായിരുന്ന തച്ചടി പ്രഭാകരൻ, പി.കെ കുഞ്ഞുസാഹിബ്, എം.കെ. ഹേമചന്ദ്രൻ, സ്വാതന്ത്ര്യ സമരസേനാനിയും എം.എൽ.എയുമായിരുന്ന തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിള്ള എന്നിവരോടൊപ്പം അവരുടെ സ്നേഹവാത്സല്യങ്ങൾ അനുഭവിച്ച നേതാവു കൂടിയായിരുന്നു. തച്ചടി പ്രഭാകരനുമായി വളരെ വലിയ അത്മബന്ധം കാത്തുസൂക്ഷിച്ചു.
കായംകുളത്തെ പ്രമുഖമായ അഷ്ടമനയിൽ മലഞ്ചരക്ക് വ്യാപാരിയായിരുന്ന ടി.എ. അലിയാരുകുഞ്ഞിന്റെ മകനാണ്. ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയ രംഗത്ത് എത്തിയ ജാഫർകുട്ടി ഇരുപതാം വയസിൽ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗമായി. പിന്നീട് കോൺഗ്രസിൽ ചേർന്ന് ഇന്ദിരാഗാന്ധിക്കൊപ്പം നില ഉറപ്പിച്ചു. കായംകുളത്തെ മുൻനിര കോൺഗ്രസ് നേതാവായ അദ്ദേഹം നഗരസഭാ ചെയർമാൻ ആയിരിക്കുമ്പോൾ കായംകുളം നഗരവികസനത്തിന് ഉതകുന്ന ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കി. കായംകുളത്തിന്റെ മുഖഛായ മാറ്റിയ ലിങ്ക്റോഡ് അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. കയർഫെഡ് അംഗമായും സേവനം അനുഷ്ടിച്ചു.
എന്നും ജനപക്ഷത്തു നിന്ന നേതാവുകൂടിയാണ് ടി.എ. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവർ അദ്ദേഹത്തിൻറെ സൗഹൃദ വലയത്തിലുണ്ടായിരുന്നു. രാഷ്ടീയ രംഗത്ത് ശത്രുക്കളെ സൃഷ്ടിക്കാത്ത നേതാവുകൂടിയായിരുന്നു ജാഫർകുട്ടി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും പ്രായത്തിന്റെ അവശതകൾ വകവെയ്ക്കാതെ വോട്ട് ചെയ്യാനെത്തിയിരുന്നു.