മാവേലിക്കര: നേതാജി സുഭാഷ് ചന്ദ്രബോസ് തമസ്‌കരിക്കപ്പെട്ടതിൽ ഒരു പ്രധാന പങ്ക് നെഹ്രുവിനാണെന്ന് ഡോ.എം.ജി.ശശിഭൂഷൺ പറഞ്ഞു. സാഹിത്യകാരൻ പ്രൊഫ.ടി.കെ.സോമശേഖരൻ പിള്ളയുടെ 'നേതാജി സുഭാഷ്ചന്ദ്രബോസിന്റെ തിരോധാനത്തിന് മുൻപും പിൻപും' എന്ന പുസ്തകത്തിന്റെ പ്രകാശനം മാവേലിക്കര സീനിയർ സിറ്റിസൺസ് ഫോറം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വാദിയായ നെഹ്രു വ്യക്തിപരമായി അല്ല ആശയപരമായാണ് സുഭാഷ് ചന്ദ്രബോസിനെ തമസ്‌കരിച്ചത്. രാഷ്ട്രീയ സമവാക്യങ്ങളിൽ നെഹ്രുവും സുഭാഷ് ചന്ദ്രബോസും അകലങ്ങളിലായിരുന്നു. ഇന്ത്യൻ യുവജനതയെ ആ കാലഘട്ടങ്ങളിൽ ഇളക്കിമറിച്ച ഒരു നേതാവായിരുന്നു സുഭാഷ് ചന്ദ്രബോസെന്നും അദ്ദേഹത്തിന്റെ തിരോധാനത്തിൽ ഇന്നും ഉയരുന്ന സംശയങ്ങൾക്ക് ഉത്തരം നൽകാൻ ഇന്ത്യ ഭരിച്ച ഒരു പ്രധാനമന്ത്രിക്കും കഴിഞ്ഞിട്ടില്ലെന്നും എം.ജി.ശശിഭൂഷൺ പറഞ്ഞു.
ഫോറം രക്ഷാധികാരി കെ.ഗംഗാധര പണിക്കർക്ക് ഡോ.എം.ജി.ശശിഭൂഷൺ പുസ്തകം കൈമാറി പ്രകാശനം നിർവ്വഹിച്ചു. ഫോറം പ്രസിഡന്റ് പോൾ മത്തായി അദ്ധ്യക്ഷനായി. സെക്രട്ടറി ശിവപ്രസാദ്, ചന്ദ്രശേഖരപിള്ള, ശശാങ്കൻ, പ്രൊഫ.എൻ.എൻ.പിള്ള, ടി.ശാമുവേൽ, ചന്ദ്രശേഖരൻ തമ്പി, പി.കെ.പീതാംബരൻ എന്നിവർ സംസാരിച്ചു.