# എം.ഡി ഐ.സി.യു പ്രവർത്തിക്കുന്നത് അഞ്ചാം നിലയിൽ
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എച്ച് വൺ കെട്ടിടത്തിൽ അഞ്ചാമത്തെ നിലയിൽ പ്രവർത്തിക്കുന്ന മൾട്ടി ഡിസിപ്ലിനറി ഐ.സി.യുവിലേക്കുള്ള ലിഫ്റ്റ് തകരാറിലായി മൂന്നു ദിവസം പിന്നിട്ടിട്ടും പരിഹാര നടപടിയില്ല. ഇവിടെ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളെ ശസ്ത്രക്രിയ മുറികളിലേക്കും എം.ആർ.ഐ, സി.ടി സ്കാനിംഗ്, എക്സ് - റെ തുടങ്ങിയ പരിശോധനകൾക്കും എത്തിക്കാൻ ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരും ബന്ധുക്കളും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു.
ശസ്ത്രക്രിയ, ന്യൂറോ സർജറി, ഓർത്തോ സർജറി, ഒഫ്താൽമോളജി തുടങ്ങിയ പത്തോളം വിഭാഗങ്ങളിലെ അത്യാസന്ന നിലയിലുള്ള രോഗികളെയാണ് എം.ഡി.ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നത്. ഏതു നിമിഷവും ശസ്ത്രക്രിയയ്ക്കു വിധേയമാക്കേണ്ട രോഗികളെ താഴത്തെ നിലയിൽ എത്തിക്കാനുള്ള ഏക ലിഫ്റ്റാണ് തകരാറിലായിരിക്കുന്നത്. ഇവിടെ നിന്ന് 50 മീറ്ററോളം മാറിയുള്ള ഡി 1 ലിഫ്റ്റ് ആശ്രയിക്കാമെങ്കിലും ഇവിടെ ഓപ്പറേറ്റർ ഇല്ലാത്തതും എല്ലായ്പോഴും മറ്റു വിഭാഗങ്ങളിൽ ഉള്ളവർ ഈ ലിഫ്റ്റ് ആശ്രയിക്കുന്നതും തടസങ്ങളുണ്ടാക്കുന്നു. അത്യാസന്ന നിലയിലുള്ള രോഗികളെ എം.ഡി ഐ.സി.യുവിൽ നിന്ന് വേഗം ശസ്ത്രക്രിയ വിഭാഗങ്ങളിൽ എത്തിക്കാനാവാത്ത സ്ഥിതിയാണുള്ളത്.
കഴിഞ്ഞ ദിവസം രാത്രി കരുവാറ്റയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രതീഷ് എന്ന യുവാവിനെ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ താഴത്തെ നിലയിലുള്ള ട്രോമാകെയറിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കേണ്ടതായിരുന്നെങ്കിലും ലിഫ്റ്റിന്റെ തകരാർ മൂലം രണ്ടരയോടെയാണ് എത്തിക്കാനായത്. മരണത്തോട് മല്ലടിച്ച് കിടക്കുന്ന രോഗികളുടെ ഉപയോഗത്തിനായുള്ള എച്ച് വൺ ലിഫ്റ്റ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യത്തിന് കരുത്തേറുകയാണ്.