 ആലപ്പുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം

ആലപ്പുഴ : വാഹനവുമായി ആലപ്പുഴ നഗരത്തിലേക്കിറങ്ങിയാൽ പെട്ടതു തന്നെ. ഗതാഗതക്കുരുക്കഴിഞ്ഞ് പുറത്തെത്തുമ്പോഴേക്കും മണിക്കൂറുകൾ പിന്നിട്ടിരിക്കും. ഇത് ഒരു ദിവസത്തെ അവസ്ഥയല്ല. ഏതാണ്ട് എല്ലാ ദിവസവും നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ട്രാഫിക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസില്ലാത്തതാണ് കുരുക്കിന്റെ പ്രധാന കാരണം.

ജില്ലാക്കോടതിറോഡ്,ശവക്കോട്ടപ്പാലം,വലിയചുടുകാട് ജംഗ്ഷൻ ,കളക്ടറേറ്റ് റോഡ് , ജനറൽ ആശുപത്രി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് കൂടുതൽ. കൂടുതൽ വാഹനങ്ങൾ കടന്നുവരുന്ന കൈതവന,വെള്ളക്കിണർ ,കോൺവെന്റ് ജംഗ്ഷനുകളിൽ ട്രാഫിക് നിയന്ത്രണത്തിന് പൊലീസില്ല. ട്രാഫിക് പൊലീസിന്റെ അംഗബലക്കുറവാണ് കാരണം. ഈ ജംഗ്ഷനുകളിൽ ഗതാഗതക്കുരുക്ക് മുറുകുമ്പോൾ ഓട്ടോ ഡ്രൈവർമാരാണ് വാഹനയാത്രക്കാർക്ക് സഹായവുമായെത്തുന്നത്. രോഗികളുമായെത്തുന്ന ആംബുലൻസുകൾ ഏറെ നേരം ട്രാഫിക് ബ്ളോക്കിൽപ്പെട്ടുപോകാറുണ്ട്.ജില്ലാക്കോടതിപ്പാലത്തിലാണ് ഏതുസമയവും കുരുക്കനുഭവപ്പെടുന്നത്.

പുന്നമട ഫിനിഷിംഗ് പോയിന്റിലേക്ക് വിനോദ സഞ്ചാരികളുമായി പോകുന്ന വാഹനങ്ങളും ജില്ലാക്കോടതി, സമീപത്തെ നാല് സ്കൂളുകൾ, താലൂക്ക് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകുന്നവരും കൂടിയാകുമ്പോൾ ജില്ലാക്കോടതിപ്പാലത്തിൽ നിന്നു തിരിയാനിടം കിട്ടില്ല. ഇതിന്റെ ഇരുകരകളിലും കൂടിയുള്ള കാൽനടയാത്ര പോലും ബുദ്ധിമുട്ടാണ്.

പൊലീസ് കുറവ്

ഗതാഗതം നിയന്ത്രിക്കാനുള്ള പൊലീസിന്റെ എണ്ണത്തിലും ഇപ്പോൾ കുറവുണ്ട്. ട്രാഫിക് പൊലീസും ഹോംഗാർഡുമാരുമാണ് ഇപ്പോൾ ഗതാഗതം നിയന്ത്രിക്കുന്നത്. എ.ആർ.ക്യാമ്പിൽ നിന്ന് പൊലീസിന്റെ സേവനം ഇപ്പോൾ ലഭിക്കുന്നില്ല. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതോടെ ക്യാമ്പിൽ നിന്ന് കൂടുതൽ പൊലീസുകാരെ ഗതാഗത നിയന്ത്രണത്തിനു കിട്ടുമെന്നാണ് ട്രാഫിക് പൊലീസിന്റെ പ്രതീക്ഷ. ഇപ്പോൾ ട്രാഫിക് പൊലീസിൽ 27 പേരുള്ളതിൽ 24 പേരെയാണ് ഗതാഗതനിയന്ത്രണത്തിന് നിയോഗിക്കുന്നത്. 20 ഹോംഗാർഡുള്ളതിൽ 18 പേരും ട്രാഫിക് ഡ്യൂട്ടിയിലുണ്ടാകും. ഓരോ ജംഗ്ഷനിലും രണ്ടുപേർക്കു വീതമാണ് ഡ്യൂട്ടി.

''ട്രാഫിക് നിയന്ത്രണത്തിനായി കൂടുതൽ പൊലീസുകാരുടെ സേവനം ആവശ്യപ്പെടും. റോഡരികിലെ കച്ചവടവും അലക്ഷ്യമായ പാർക്കിംഗും ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുന്നു

രാജ്കുമാർ,ട്രാഫിക് എസ്.ഐ