ആലപ്പുഴ: ഇന്ന് ഉച്ചയ്ക്കു മുമ്പുതന്നെ ഫലം അറിയാനാവുമെങ്കിലും വിജയ പ്രതീക്ഷയിൽ കുറഞ്ഞതൊന്നും ആലപ്പുഴയിലെ മൂന്ന് സ്ഥാനാർത്ഥികൾക്കുമില്ല. എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫ് വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ചശേഷം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലിരുന്നാണ് വിധിയറിയുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ രാവിലെ വേട്ടെണ്ണൽ കേന്ദ്രത്തിൽ പോകും. ശേഷം നേരേ വീട്ടിലെത്തി കുടുംബാംഗങ്ങൾക്കൊപ്പം ഫലം കാണും. എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണൻ ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് ആലപ്പുഴയിലെത്തി. ആലപ്പുഴയിലെ ബി.ജെ.പി ഓഫീസിലോ താമസിക്കുന്ന ഹോട്ടലിലോ ഇരുന്ന് ഫലം അറിയും.
................................................
# ഭൂരിപക്ഷം 50,000: എ.എം.ആരഫ്
'ഭൂരിപക്ഷം 50,000 ത്തിൽ കുറയില്ല. ഒരു ടെൻഷനുമില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു. രണ്ട് ദിവസം ഒഴികെ എല്ലാ ദിവസവും അരൂർ മണ്ഡലത്തിൽ സജീവമായി ഉണ്ടായിരുന്നു. അത് അരൂരുകാർക്ക് നൽകിയ വാക്കായിരുന്നു. അവർ എനിക്ക് തന്ന പിന്തുണയാണ് എന്നെ ഈ നിലയിലെത്തിച്ചത്. പുതിയ എം.എൽ.എ വരുന്നതു വരെ അവരുടെ സുഖത്തിലും ദു:ഖത്തിലും പങ്ക് ചേരാൻ അവരിൽ ഒരാളായി കാണും'
........................................
# സീറ്റ് നിലനിറുത്തും: ഷാനിമോൾ
തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നല്ല ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സീറ്റ് നിലനിറുത്തും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിശ്രമമൊന്നുമില്ലായിരുന്നു. വിശ്രമമില്ലാതെയുള്ള പ്രവർത്തനമാണ് എൻെറ രീതി. അതുകൊണ്ട് തന്നെ മണ്ഡലത്തിലെ ഒരാളായി സജീവമായി എപ്പോഴുമുണ്ട്. ആ സ്നേഹം വോട്ടർമാർ തിരികെ കാണിച്ചിട്ടുണ്ട്. അത് വോട്ടെണ്ണലിൽ കാണാം. പാർട്ടി പരിപാടിയിലും പൊതുപരിപാടികളിലും പങ്കാളിയായിരുന്നു'
...........................................
# വിജയം ഉറപ്പ്: ഡോ.കെ.എസ്. രാധാകൃഷ്ണൻ
'തിരഞ്ഞെടുപ്പ് നടന്ന ദിവസം പറഞ്ഞ അതേ വാക്കിൽ ഉറച്ച് നിൽക്കുന്നു. വിജയം ഇത്തവണ എൻ.ഡി.എക്കാണ്. വിജയ പ്രതീക്ഷയിൽ നിന്ന് ഒരു പടി പിന്നോട്ട് പോയിട്ടില്ല. അതിൽ ഒരു മാറ്റവും ഇല്ല. ഫലത്തേക്കുറിച്ച് യാതൊരു ഉത്കണ്ഠയുമില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് എഴുത്ത്, വായന എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു'