ആലപ്പുഴ: പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ തിരുവനന്തപുരം മഞ്ഞമല കല്ലൂർ തറവിള വീട്ടിൽ സുരേഷ് കുമാറിനെ (38) ഹരിപ്പാട്ടെ റിസോർട്ടിൽ നിന്ന് ആലപ്പുഴ നോർത്ത് പൊലീസ് പിടികൂടി. ആലപ്പുഴ നഗരത്തിലെ കാർ ഷോറൂം എക്സിക്യുട്ടീവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിലകൂടിയ വസ്ത്രങ്ങളും മറ്റും ധരിച്ചു നടക്കുന്ന പ്രതി വളരെ സൗഹൃദപരമായി സംസാരിച്ചാണ് ഇരകളെ വലയിൽ വീഴ്ത്തുന്നത്.
കാർ ഷോറൂമിൽ നിന്ന് 12 ലക്ഷത്തിന്റെ കാർ ഇയാൾ ബുക്ക് ചെയ്തു. ഇതിനിടെയാണ് എക്സിക്യുട്ടീവ് തോമസ് ജയിംസിനെ പരിചയപ്പെടുന്നത്.പിറ്റേന്ന് ജയിംസിനെ ഫോണിൽ വിളിച്ച് സുഹൃത്തിന് ആശുപത്രി കാര്യത്തിനായി 15,000 രൂപ വേണമെന്നും താൻ 12 ലക്ഷം രൂപ ബാങ്കിൽ നിന്നു പിൻവലിച്ചതിനാൽ ഉടൻ മറ്റൊരു ഇടപാട് നടക്കില്ലെന്നും ബോധിപ്പിച്ചു. സുഹൃത്തിന്റേതെന്നു പറഞ്ഞ് നൽകിയ അക്കൗണ്ട് നമ്പരിലേക്ക് അയച്ച പണം സുരേഷ്‌കുമാർ എ.ടി.എം മുഖേന പിൻവലിക്കുകയും ചെയ്തു. ആലപ്പുഴയിലെ ആട്ടോ ഡ്രൈവറിൽ നിന്ന് 10,000 രൂപയും കബളിപ്പിച്ചു. അരൂർ സ്വദേശി രമേശിന് ബിസിനസ് ആവശ്യത്തിനായി തമിഴ്‌നാട്ടിൽ നിന്ന് 25 ലക്ഷം രൂപ ലോൺ തരപ്പെടുത്തി നൽകാമെന്ന പേരിൽ പലപ്പോഴായി രണ്ടര ലക്ഷം രൂപയും കാസർകോട് സ്വദേശിയിൽ നിന്നു 4 ലക്ഷം രൂപയും തട്ടിയെടുത്തു.