ambalapuzha-news

# പ്രവർത്തനം വ്യാഴാഴ്ച മാത്രം

# ഒ.പിയിൽ വൻ തിരക്ക്

അമ്പലപ്പുഴ: ഡോക്ടർമാരുടെ കുറവിനെത്തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രിയിലെ ഉദരരോഗ വിഭാഗം (ഗ്യാസ്ട്രോ എൻട്രോളജി) പ്രവർത്തനം അവതാളത്തിൽ. വ്യാഴാഴ്ച മാത്രം പ്രവർത്തിക്കുന്ന ഈ വിഭാഗത്തിൽ രോഗികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആലപ്പുഴ ഒഴികെയുള്ള മെഡിക്കൽ കോളേജുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വിഭാഗങ്ങളിൽ ഒന്നാണിത്.
ഒരു മേധാവി, രണ്ട് ഉപമേധാവികൾ, നാല് സർജൻമാർ എന്ന നിലയിലാണ് ആലപ്പുഴയിലെ സ്റ്റാഫ് പാറ്റേൺ. യൂണിറ്റ് മേധാവിയുടെ നേതൃത്വത്തിലാണ് എൻഡോസ്കോപ്പി അടക്കമുള്ള സങ്കീർണ്ണമായ പരിശോധനകളും ബാൻഡിംഗ് അടക്കമുള്ള ശസ്ത്രക്രിയകളും നടത്തേണ്ടത്. എന്നാൽ നിലവിൽ ഗ്യാസ്ട്രോ വിഭാഗത്തിൽ രണ്ട് ഡോക്ടർമാർ മാത്രമാണുള്ളത്. ഇവരിൽ എൻഡോസ്കോപ്പി ചെയ്യുന്ന ഡോക്ടർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ആഴ്ച്ചയിലൊരിക്കൽ മാത്രമേ ആലപ്പുഴയിൽ എത്തുകയുള്ളു. വ്യാഴാഴ്ചയാണ് ഗ്യാസ്ട്രോ എൻട്രോളി വിഭാഗത്തിന്റെ ഒ.പി പ്രവർത്തിക്കുന്നത്. എൻഡോസ് കോപ്പിയും ഈ ദിവസം മാത്രമാണുള്ളത്. നൂറോളം രോഗികളാണ് ഒ.പി ദിവസം എത്തുന്നത്. ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾ സ്വകാര്യ ആശുപത്രിയിലേക്കോ മറ്റു ഗവ.മെഡിക്കൽ കോളേജ് ആശുപത്രികളിലേക്കോ പോകുകയാണ് ചെയ്യുന്നത്.

# ഗതികേടിൽ രോഗികൾ

സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങളാണ് ഉദരരോഗ വിഭാഗത്തിലെ ചികിത്സാ ചിലവ്. സാധാരണക്കാർക്ക് തികച്ചും സൗജന്യമായി നൽകാൻ കഴിയുന്ന ചികിത്സാ സംവിധാനങ്ങൾ ഇവിടെ ഉണ്ടായിട്ടും ഡോക്ടർമാരുടെ അഭാവം നിമിത്തം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ആലപ്പുഴയിലെ രോഗികൾ. ദേശീയപാതയോരത്ത് മികച്ച കെട്ടിട സമുച്ചയങ്ങളും ആധുനിക സംവിധാനങ്ങളും ഉണ്ടായിട്ടും ഡോക്ടർമാരുടെ അഭാവം നിമിത്തം രോഗികൾക്ക് ആലപ്പുഴ മെഡി. ആശുപത്രിയിൽ ഉദരരോഗ വിഭാഗത്തിന്റെ സേവനം ലഭ്യമാവാത്തത് നിരാശാജനകമാണ്.