ആലപ്പുഴ: ജോലി വാഗ്ദാനം ചെയ്തും മറ്റും പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ തിരുവനന്തപുരം മഞ്ഞമല കല്ലൂർ തറവിള വീട്ടിൽ സുരേഷ് കുമാറിനെ (38) ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിപ്പാട്ടെ റിസോർട്ടിൽ നിന്ന് ആലപ്പുഴ നോർത്ത് പൊലീസ് പിടികൂടി. ആലപ്പുഴ നഗരത്തിലെ കാർ ഷോറൂം എക്സിക്യുട്ടീവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അനീഷിൻറെ തട്ടിപ്പിനെപ്പറ്റി പൊലീസ് പറയുന്നത്: വിലകൂടിയ വസ്ത്രങ്ങളും മറ്റും ധരിച്ചു നടക്കുന്ന പ്രതി വളരെ സൗഹൃദപരമായി സംസാരിച്ചാണ് ഇരകളെ വലയിൽ വീഴ്ത്തുന്നത്. ആലപ്പുഴ നഗരത്തിലെ കാർ ഷോറൂമിൽ നിന്ന് 12 ലക്ഷം രൂപയുടെ കാർ ഇയാൾ ബുക്ക് ചെയ്തു. ഇതിനിടെയാണ് എക്സിക്യുട്ടീവ് തോമസ് ജയിംസിനെ പരിചയപ്പെടുന്നത്. മുഴുവൻ പണവുമായി അടുത്തദിവസം എത്താമെന്ന് പറഞ്ഞു മടങ്ങിയ പ്രതി പിറ്റേന്ന് തോമസ് ജയിംസിനെ ഫോണിൽ വിളിച്ചു. തൻറെ സുഹൃത്തിന് ആശുപത്രി കാര്യത്തിനായി 15,000 രൂപ അടിയന്തരമായി വേണമെന്നും താൻ 12 ലക്ഷം രൂപ ബാങ്കിൽ നിന്നു പിൻവലിച്ചതിനാൽ ഉടൻ മറ്റൊരു ഇടപാട് നടക്കില്ലെന്നും ബോധിപ്പിച്ചു. സുഹൃത്തിൻറേതെന്നു പറഞ്ഞ് നൽകിയ അക്കൗണ്ട് നമ്പരിലേക്ക് പണം അയച്ചതോടെയാണ് തോമസ് ജയിംസ് കബളിപ്പിക്കപ്പെട്ടത്. ഈ പണം സുരേഷ് കുമാർ എ.ടി.എം മുഖേന പിൻവലിക്കുകയും ചെയ്തു. ആലപ്പുഴയിലെ ഒരു ആട്ടോറിക്ഷ ഡ്രൈവറിൽ നിന്ന് 10,000 രൂപയും കബളിപ്പിച്ചു.
തട്ടിയെടുക്കുന്ന പണം കൊണ്ട് ആഡംബര ജീവിതമാണ് പ്രതി നയിച്ചിരുന്നത്. ആഡംബര ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിച്ചു ജോലിക്കാരുടെ വിശ്വാസ്യത പിടിച്ചുപറ്റിയ ശേഷം പണം കൊടുക്കാതെ മുങ്ങും. ഒരു ആഡംബര ഹോട്ടലിലെ റൂംബോയിക്ക് വിദേശത്തു ജോലി ശരിയാക്കി നൽകാമെന്നു പറഞ്ഞ് പണം തട്ടാനും ശ്രമം നടത്തി. വിവാഹിതനായ പ്രതി കൊല്ലം സ്വദേശിയായ സ്ത്രീയെ കൂടെ താമസിപ്പിച്ചും തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു.
അരൂർ സ്വദേശി രമേശിന് ബിസിനസ് ആവശ്യത്തിനായി തമിഴ്‌നാട്ടിൽ നിന്ന് 25 ലക്ഷം രൂപ ലോൺ തരപ്പെടുത്തി നൽകാമെന്ന പേരിൽ പലപ്പോഴായി രണ്ടര ലക്ഷം രൂപയും കാസർകോട് സ്വദേശിയിൽ നിന്നു 4 ലക്ഷം രൂപയും തട്ടിയെടുത്തു. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നു പൊലീസ് അറിയിച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് ഡിവൈ.എസ്.പി കെ.എ.ബേബി അറിയിച്ചു. നോർത്ത് സി.ഐ. രാജ്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ വിബിൻ ദാസ്, സി.പി.ഒ പോൾ, ബിനു, വികാസ്, സജീവ്, സലിം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.