ആലപ്പുഴ: കോൺഗ്രസ് കഴിഞ്ഞ പത്തു വർഷം കൈയടക്കി വച്ചിരുന്ന പുന്നപ്ര വയലാർ സമരഭൂമി വീണ്ടും ഇടത്തോട്ട് തിരിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് ഒഴികെ മറ്റ് ആറ് മണ്ഡലങ്ങളിലും മിന്നി നിന്നിരുന്ന എൽ.ഡി.എഫ് ഈ വിജയത്തിലൂടെ വീണ്ടും അധീശത്വം ഉറപ്പിച്ചു. സംസ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളെല്ലാം വമ്പൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കിൽ ഏറ്റവും ചെറിയ ഭൂരിപക്ഷത്തിലാണ് ആരിഫ് വിജയിച്ചിരിക്കുന്നത്.

പുന്നപ്രയും വയലാറുമൊക്കെ ചേർന്ന ആലപ്പുഴ മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ചത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. സി.പി.എെയുടെ പി.ടി.പുന്നൂസ് 76,380 വോട്ടിന് കോൺഗ്രസിലെ എ.പി.ഉദയഭാനുവിനെ തോൽപ്പിച്ചപ്പോൾ അതൊരു ചരിത്രമായി. രണ്ടാമത് നടന്ന തിരഞ്ഞെടുപ്പിലും പി.ടി. പുന്നൂസ് വിജയം ആവർത്തിച്ചു. 1962ൽ പി.കെ.വാസുദേവൻനായരും 1967ൽ സുശീലാ ഗോപാലനും വിജയതിലകം ചാർത്തിയപ്പോൾ കോൺഗ്രസുകാരുടെ നെഞ്ചിടിച്ചു. എന്നാൽ 1971ൽ ആർ.എസ്.പിയിലെ കെ.ബാലകൃഷ്ണൻ സുശീലാ ഗോപാലനെ വീഴ്ത്തിയപ്പോൾ അത് മറ്റൊരു ചരിത്രത്തിന്റെ തുടക്കമായി മാറുകയായിരുന്നു.

1977ൽ വി.എം.സുധീരൻ സി.പി.എമ്മിലെ ഇ.ബാലാനന്ദനെ തറപറ്റിച്ചു. പക്ഷേ, ആ തിളക്കം അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നിലനിറുത്താനായില്ല. സുശീലാ ഗോപാലനെ ഇറക്കി സി.പി.എം തിരിച്ചടിച്ചു. ജെ.എൻ.പിയിലെ ഓമനപ്പിള്ളയെ സുശീലാഗോപാലൻ തോൽപ്പിച്ചപ്പോൾ മണ്ഡലത്തിന്റെ മനസ് വീണ്ടും ഇടത്തോട്ട് തിരിഞ്ഞു. ആലപ്പുഴയുടെ ചരിത്രത്തിലെ ‌ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് സുശീല വിജയിച്ചത്. 1,14,264 വോട്ടിന്റെ ഭൂരിപക്ഷം. ആ റെക്കാർഡ് ഭൂരിപക്ഷം ഇന്നുവരെ ആലപ്പുഴയിൽ ആരും മറികടന്നിട്ടില്ല.

1984ൽ വക്കം പുരുഷോത്തമൻ സുശീലയെ തോൽപ്പിച്ചപ്പോൾ മണ്ഡലം വലത്തോട്ട് ചരിഞ്ഞു. 1989 ൽ സി.പി.എമ്മിലെ കെ.വി.ദേവദാസിനെ തകർത്തുകൊണ്ട് വക്കം രണ്ടാം വിജയംനേടി. 1991ലെ തിരഞ്ഞെടുപ്പിൽ ടി.ജെ.ആഞ്ചലോസിനെ ഇറക്കി സി.പി.എം തിരിച്ചടിച്ചു. 1996ൽ വി.എം.സുധീരനെ ഇറക്കി ആഞ്ചലോസിനെ വീഴ്ത്തി. 98ൽ സി.എസ്.സുജാതയേയും 99ൽ നടൻ മുരളിയേയും നിലംതൊടാതെ നിറുത്തി സുധീരൻ ത്രിവർണ്ണ പതാകയുടെ തിളക്കംകൂട്ടി. പക്ഷേ, അടുത്ത അങ്കത്തിൽ ഡോ. കെ.എസ്.മനോജിനെ ഇറക്കി സി.പി.എം ചെങ്കൊടി പാറിച്ചു. 2004ൽ മനോജിനോട് സുധീരൻ തോറ്റതോടെ മണ്ഡലം വീണ്ടും ഇടത്തോട്ടായി. ഇതിനെ തകർത്തത് കെ.സി. വേണുഗോപാലായിരുന്നു. 2009ൽ കെ.എസ്. മനോജിനെയും 2014ൽ സി.ബി.ചന്ദ്രബാബുവിനെയും വീഴ്ത്തി മണ്ഡലം വലത്തോട്ടാക്കി. ഇപ്പോൾ വീണ്ടും ഇടത്തോട്ട്.