ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ജനകീയ മത്സ്യ ഗ്രാമം പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിന്റെ 14 കിലോമീറ്റർ വരുന്ന കായൽപരപ്പിലും ഇടത്തോടുകളിലും മത്സ്യക്കൃഷി നടത്താനായി സമൂഹമത്സ്യക്കൃഷി ലക്ഷ്യം വച്ചുകൊണ്ടുള്ള ബഹുമുഖ പദ്ധതിയാണ് നടപ്പാക്കുന്നത്.
കായലിൽ 5 ഏക്കർ സ്ഥലത്ത് വിവിധയിനം മത്സ്യക്കൃഷിക്കും 5 ഏക്കറോളം സ്ഥലത്ത് കക്കപുനരുജ്ജീവന പദ്ധതിക്കും സെമിനാർ അംഗീകാരം നൽകി. ചെങ്ങണ്ട മുതൽ പുത്തനങ്ങാടി വരെയുള്ള കായലോരത്ത് 150 ൽ പരം കൂട്ടിൽ മത്സ്യക്കൃഷിക്കും സഹായം നൽകും. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മക്കളെ കായൽഗാർഡുമാരായി പദ്ധതിയിൽ ചുമതല നൽകി. ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഇഗ്നേഷ്യസ് മൺറോ സെമിനാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. പി.എസ്. ഷാജി മുഖ്യപ്രഭാഷണം നടത്തി. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ,ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഹൈർ, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു വിനു,സുധർമ്മ സന്തോഷ്,ബിനിത മനോജ്,കെ.ജെ.സെബാസ്റ്റ്യൻ,സനൽ നാഥ്, സാനു സുധീന്ദ്രൻ,രമേഷ് ബാബു,സി.ഡി.എസ് പ്രസിഡന്റ് ശ്രീജാ ഷിബു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌രേഷ്മ രംഗനാഥ് സ്വാഗതവും സെക്രട്ടറി ജയശ്രീ.പി.നായ്ക്ക് നന്ദിയും പറഞ്ഞു.