തുറവൂർ: മർദ്ദിച്ചവർക്കെതിരെ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി.
അരൂർ ചിറയിൽ തെക്കേതിൽ സജീവനാണ് (38) ഇന്നലെ വൈകിട്ട് ആറോടെ കെട്ടിടത്തിനു മുകളിൽ കയറിയത്. ആശുപത്രി ജീവനക്കാരും മറ്റുള്ളവരും ചേർന്ന് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അരൂരിൽ നിന്ന് അഗ്നിരക്ഷാസേനയും കുത്തിയതോട് പൊലീസും സ്ഥലത്തെത്തി. ധാരാളം ആളുകളും തടിച്ചുകൂടി. ഇതോടെ സജീവൻ സ്വയം താഴെയിറങ്ങുകയായിരുന്നു.
കഴിഞ്ഞ 19 ന് വൈകിട്ട് അയൽവാസികൾ മർദ്ദിച്ചെന്ന പേരിലായിരുന്നു സജീവൻ തുറവൂർ ഗവ.ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്. ഇന്നലെ വൈകിട്ടു വരെ പൊലീസ് കേസെടുത്തില്ലെന്ന് വിളിച്ചു പറഞ്ഞാണ് കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാൽ 21നാണ് പൊലീസ് സ്റ്റേഷനിൽ വിവരം കിട്ടിയതെന്നും ഇന്നലെ അന്വേഷണത്തിനു പോകാനിരിക്കെയാണ് സംഭവമുണ്ടായതെന്നും പൊലീസ് പറഞ്ഞു. മദ്യപിച്ച് അയൽ വാസിയുമായി തർക്കമുണ്ടായതാണ് സംഘട്ടനത്തിൽ കലാശിച്ചത്. മദ്യലഹരിയിലാണ് ഇയാൾ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടാൻ ശ്രമിച്ചതെന്ന് അരൂർ എസ്.ഐ. കെ.എൻ.മനോജ് പറഞ്ഞു.