ആലപ്പുഴ: യു.ഡി.എഫ് തരംഗം സംസ്ഥാനത്ത് ആഞ്ഞടിച്ചപ്പോൾ സി.പി.എമ്മിൻെറ മാനം കാത്തത് ആലപ്പുഴയിലെ എ.എം.ആരിഫ്.
സി.പി.എം മത്സരിപ്പിച്ച 16 പേരിൽ പതിനഞ്ചും സി.പി.എെയുടെ നാലും സ്ഥാനാർത്ഥികൾ അടിതെറ്റി വീണിടത്താണ് ആരിഫ് ഏവരെയും അമ്പരപ്പിച്ചുകൊണ്ട് വിജയത്തിലേക്ക് കുതിച്ചത്. അതാകട്ടെ ശ്വാസമടക്കിപ്പിടിച്ചു നിന്ന മണിക്കൂറുകൾ നീണ്ട വോട്ടെണ്ണലിലൂടെ. സി.പി.എമ്മിൻെറ കോട്ടകോത്തളങ്ങൾ ഒന്നടങ്കം തകർന്ന് വീണുകൊണ്ടിരുന്നപ്പോൾ എല്ലാ ശ്രദ്ധയും ആരിഫിലേക്കായിരുന്നു. പശ്ചിമബംഗാളിൽ സി.പി.എമ്മിന് ഒരുസീറ്റ് പാേലും നേടാനാവാതായപ്പോൾ കേരളവും അതേ പാതയിലൂടെയാണോ എന്നായി ചിന്ത. കോൺഗ്രസ് നേതാക്കൾ നേരത്തെ അവകാശം ഉന്നയിച്ചതുപോലെട്വൻറി-20 യിലേക്ക് കാര്യങ്ങൾ പോകുമോ എന്ന് സി.പി.എം നേതാക്കളും ശങ്കിച്ചു.
പോസ്റ്റൽ വോട്ടിൽ തുടങ്ങിയ ആരിഫിൻെറ മുന്നേറ്റത്തെ പിടിച്ച് നിറുത്തും പോലെ കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ ഇടയ്ക്ക് കുതിച്ചപ്പോൾ ഇരുപത് മണ്ഡലങ്ങളിലും യു.ഡി.എഫിൻെറ പടയോട്ടമായി. പക്ഷേ, അത് ഏറെ നേരം നിന്നില്ല. ആലപ്പുഴയുടെ മനസ് തിരിഞ്ഞും മറിഞ്ഞും നിന്നപ്പോൾ മുന്നിൽ ആരിഫാണോ, ഷാനിമോളോണോ എന്നായി. അങ്ങോട്ടുമിങ്ങോട്ടും ഉയർന്നും താഴ്ന്നും നീണ്ട വോട്ടെണ്ണൽ പിന്നെ ആരിഫിലേക്ക് ചാഞ്ഞു. ഭൂരിപക്ഷം ഉയർന്നും താഴ്ന്നും നിന്നതല്ലാതെ പിന്നത് ഷാനിമോളിലേക്ക് അടുത്തില്ല.
ചേർത്തല, ആലപ്പുഴ, കായംകുളം മണ്ഡലങ്ങളാണ് ആരിഫിന് തിലകം ചാർത്തിയത്. ചേർത്തലയിൽ പതിനാറായിരത്തോളം വോട്ടിൻെറ ഭൂരിപക്ഷം. അതേസമയം ആരിഫ് എം.എൽ.എയായി വിജയിച്ച അരൂരിൽ ഷാനിമോൾക്കാണ് ലീഡ്. കരുനാഗപ്പള്ളി, ഹരിപ്പാട്, അമ്പലപ്പുഴ, അരൂർ മണ്ഡലങ്ങളിൽ ഷാനിമോൾ ലീഡ് ചെയ്തെങ്കിലും ആരിഫ് നേടിയ മൂന്ന് മണ്ഡലങ്ങളിലെ ലീഡിനെ മറികടക്കാനായില്ല. ഇതാണ് വിജയത്തിലേക്ക് നയിച്ചത്. ഇതിനുപുറമേ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണൻ നേടിയ 1,86,162 വോട്ടും ഷാനിമോളുടെ തോൽവിക്കിടയാക്കി.
തിരഞ്ഞെടുപ്പ് കളത്തിൽ ആദ്യമിറങ്ങിയത് ആരിഫായിരുന്നു. വളരെ മുന്നിലെത്തിയശേഷമായിരുന്നു ഷാനിമോളുടെ വരവ്. ആരിഫിൻെറ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ തേര് തെളിച്ചത് മന്ത്രി ജി.സുധാകരനും. സി.പി.എമ്മിൻെറ ഒറ്റയാൻ വിജയം മന്ത്രിയുടെ കിരീടത്തിനും പൊൻതൂവലുമായി.