ചേർത്തല:ആലപ്പുഴയിൽ ആരിഫിന്റെ വിജയം ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ ഈഴവ വിരുദ്ധ നിലപാടുകൾക്കുള്ള ചുട്ട മറുപടിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
'കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ കാലങ്ങളായി തുടരുന്ന യോഗം വിരുദ്ധ നിലപാടിന് സമുദായാംഗങ്ങൾ മറുപടി നൽകി. ചേർത്തല മണ്ഡലത്തിലെ ആരിഫിന്റെ ഭൂരിപക്ഷം ഇതിന്റെ തെളിവാണ്.സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥികൾ കൂട്ടത്തോടെ തോറ്റത് കനത്ത പരാജയം തന്നെയാണ്. പരാജയകാരണം അപഗ്രഥിച്ച് പരിഹാരം കാണുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന സ്വാഗതാർഹമാണ്. അടിസ്ഥാന വർഗത്തെ ഒപ്പം നിറുത്തിയില്ലെങ്കിൽ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുമെന്ന യാഥാർത്ഥ്യം ഇടതു നേതൃത്വം മനസിലാക്കണം. അധികാരം പങ്കിടുമ്പോൾ അടിസ്ഥാന വർഗത്തെ പരിഗണിക്കണം.
മോദിയെ ഭരണത്തിലേറ്റാതിരിക്കാനായി മതന്യൂനപക്ഷങ്ങൾ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തി. മോദിയുടെ ഭരണം തുടർന്നാൽ ന്യൂനപക്ഷങ്ങൾക്ക് വിദേശ സഹായങ്ങൾ ഉൾപ്പെടെ തടസപ്പെടുമെന്ന് ഇവർ പറഞ്ഞു പരത്തി. ഇതിനായി യു.പി.എ കേന്ദ്രത്തിൽ അധികാരത്തിലെത്തണമെന്നും വ്യാപക പ്രചാരണം നടത്തി. ഈ അടവു നയമാണ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് മുന്നേറ്റം ഉണ്ടാക്കിയത്. കഴിഞ്ഞ അസംബ്ളി തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകളുടെ ഗുണം എൽ.ഡി.എഫിനും ലഭിച്ചിരുന്നു.
എന്നാൽ ദേശീയതലത്തിൽ ഈ നയം പാളിപ്പോയി. മോദിയെ ഇവർക്ക് കെണിയിലാക്കാനായില്ല.മോദി -അമിത് ഷാ കൂട്ടുകെട്ട് തിരഞ്ഞെടുപ്പ് നന്നായി മാനേജ് ചെയ്തു. പാർട്ടിയേക്കാളും ഇവരുടെ വ്യക്തിപ്രഭാവമാണ് വിജയത്തിന് കാരണമായത്.
തിരഞ്ഞെടുപ്പ് വേളയിൽ ഞാൻ പറഞ്ഞ രണ്ട് കാര്യങ്ങളും പ്രാവർത്തികമായി. ഒന്ന് ആലപ്പുഴയിൽ ആരിഫ് പാട്ടും പാടി ജയിക്കുമെന്നത്. രണ്ടാമത്തേത്, ബി.ജെ.പി കേന്ദ്രത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നത്'- വെള്ളാപ്പള്ളി പറഞ്ഞു.
ആരിഫ് തോറ്റാൽ തല മുണ്ഡനം ചെയ്യുമെന്ന് വെള്ളാപ്പള്ളി നേരത്തേ പറഞ്ഞിരുന്നു.