ആലപ്പുഴ: ആലപ്പുഴയിലെ മിന്നും വിജയവുമായി ആരിഫ് സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ മാനം കാത്തപ്പോൾ ശ്രദ്ധേയമായത് എൽ.ഡി.എഫ് ക്യാമ്പിന്റെ ചിട്ടയായ പ്രവർത്തനവും വിശ്രമരഹിതമായ സ്ക്വാഡ് വർക്കുകളും. നേതാക്കളും അണികളും ഒന്നിച്ചൊന്നായി എണ്ണയിട്ട യന്ത്രം പോലെ ചലിച്ചപ്പോൾ പത്തു വർഷമായി കോൺഗ്രസ് കൈപ്പിടിയിലൊതുക്കിയിരുന്ന ആലപ്പുഴ ഇത്തവണ ഇടത്തോട്ടു ചരിഞ്ഞു. അതും കേരളമാകെ യു.ഡി.എഫ് തരംഗം അലയടിച്ചപ്പോൾ.

ആരിഫിനെ സ്ഥാനാർത്ഥിയായി നിറുത്തിയപ്പോൾ മുസ്ളിംവോട്ടുകളിൽ വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ, കെ.സി.വേണുഗോപാൽ പിന്മാറി ഷാനിമോൾ ഉസ്മാൻ എതിർ സ്ഥാനാർത്ഥിയായി എത്തിയതോടെ എൽ.ഡി.എഫും കളംമാറ്റി. ഭൂരിപക്ഷ വോട്ടുകൾ പരമാവധി അടുപ്പിച്ചു നിറുത്താനുള്ള ശ്രമമായിരുന്നു പിന്നീട്. എൽ.ഡി.എഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിക്കൊപ്പം മന്ത്രി ജി.സുധാകരൻ നടത്തിയ ചടുല നീക്കങ്ങളും ആരിഫിന്റെ വിജയത്തിന് വഴിതെളിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മണ്ഡലത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ജി.സുധാകരനോട് നിർദ്ദേശിച്ചിരുന്നു. ജി.സുധാകരന്റെ മേൽനോട്ടത്തിൽ ഹരിപ്പാട് ഉൾപ്പെടെയുള്ള നിയമസഭാ മണ്ഡലങ്ങളിൽ വിവിധ സ്ക്വാഡുകളെ ഇറക്കിയുള്ള പ്രചാരണം വിജയം കണ്ടു. ഹരിപ്പാട്ട് യു.ഡി.എഫ് മുന്നേറ്റത്തിന്റെ കരുത്ത് കുറയ്ക്കാനായി.

ഇടതു സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് മണ്ഡലത്തിൽ എൽ.ഡി.എഫ് വോട്ട് തേടിയത്. റോഡ് വികസനമടക്കം ചർച്ചയായി. വിജയിക്കുക, അല്ലെങ്കിൽ മരിക്കുക എന്ന രീതിയിലായിരുന്നു ജില്ലയിൽ എൽ.ഡി.എഫിന്റെ പ്രവർത്തനമെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞു. ഈ ആവേശം അണികൾ ഒറ്റക്കെട്ടായി ഏറ്റെടുത്തതാണ് ഇപ്പോഴത്തെ വിജയത്തിന് കാരണമെന്നും അവർ ചൂണ്ടിക്കാട്ടി. ആലപ്പുഴയിലെ ആരിഫിന്റെ വിജയം അങ്ങനെ ജി.സുധാകരനു കൂടി അഭിമാനമായി.