ആലപ്പുഴ: എ.എം. ആരിഫിനെ ആലപ്പുഴയിൽ ജയിപ്പിച്ചത് ഈഴവ സമുദായമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ചേർത്തലയിൽ 16,895 വോട്ടിന്റെ ഭൂരിപക്ഷമാണ് ആരിഫിന് നൽകിയത്. കായംകുളത്തെ 4297 വോട്ടിന്റെ ഭൂരിപക്ഷമൊഴിച്ചാൽ മറ്റ് അഞ്ച് മണ്ഡലങ്ങളിലും ഷാനിമോൾ ഉസ്‌മാനായിരുന്നു ലീഡ്. ഈഴവ സമുദായത്തെ നിരന്തരം വേട്ടയാടുന്ന ആലപ്പുഴയിലെ കോൺഗ്രസ് നേതൃത്വത്തോട് 'സ്നേഹപ്രകടനം" നടത്തണമെന്ന് എസ്.എൻ.ഡി.പി യോഗം ആഗ്രഹിച്ചു. അതാണ് ആരിഫിന്റെ വിജയം. ഇതിലൂടെ ശക്തമായ താക്കീതാണ് എസ്.എൻ.ഡി.പി യോഗം ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് നൽകിയത്.

ന്യൂനപക്ഷ സമുദായങ്ങൾ കുറവുള്ള മണ്ഡലമാണ് ചേർത്തല. ആരിഫിന് വോട്ട് ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നു. ചേർത്തലയുടെ വോട്ട് കൊണ്ടാണ് ആരിഫ് കഷ്ടിച്ച് ജയിച്ചത്. അമ്പതിനായിരം വോട്ടിന് ജയിക്കുമെന്നായിരുന്നല്ലോ ആരിഫും പാർട്ടിക്കാരും പറഞ്ഞിരുന്നത്. മോദി ഭരണം വരാതിരിക്കാൻ ന്യൂനപക്ഷങ്ങൾ ഒരുമിച്ച് യു.ഡി.എഫിന് വോട്ടിട്ടു. എന്നാൽ വടക്കേ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളടക്കം മോദിക്കൊപ്പം നിന്നു. കള്ളപ്പണക്കാരെ തടയാൻ മോദി ഇറങ്ങിയതാണ് ന്യൂനപക്ഷത്തെ മോദിയുടെ ശത്രുവാക്കിയത്.

ശബരിമല വിഷയം കൈകാര്യം ചെയ്‌തതിലുള്ള പാളിച്ച എൽ.ഡി.എഫിനെ തവിടുപൊടിയാക്കി. അതിന്റെ നേട്ടം യു.ഡി.എഫിനാണ് കിട്ടിയത്. ന്യൂനപക്ഷത്തെയും സവർണരെയും താലോലിക്കുന്ന എൽ.ഡി.എഫ് അടിസ്ഥാന വർഗത്തിന്റെ താത്പര്യങ്ങൾ കാണുന്നില്ല. പ്രളയ പുനർനിർമ്മാണത്തിൽ ചില മേഖലകളിലുണ്ടായ വിമുഖതയും എൽ.ഡി.എഫിന്റെ ദയനീയ പരാജയത്തിനിടയാക്കി. ഇതൊക്കെ മനസിലാക്കി പ്രവർത്തിക്കാനുള്ള ഇച്ഛാശക്തി എൽ.ഡി.എഫിനുണ്ടായാൽ നന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.