അമ്പലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് വീണ്ടും പൊട്ടി. പമ്പിംഗ് നിറുത്തിവച്ചതോടെ നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങി. വ്യാഴാഴ്ച രാത്രിയിൽ തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ തകഴി ജംഗ്ഷനിൽ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ചതോടെ റോഡിൽ വലിയ കുഴി രൂപപ്പെട്ടു. ഇതോടെ പമ്പിംഗ് നിറുത്തിവച്ച് ഇന്നലെ ഉച്ചയോടെ പൈപ്പിൽ അറ്റകുറ്റപ്പണി ആരംഭിച്ചു.
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടുന്നത്. കഴിഞ്ഞ ആഴ്ച തകഴി കന്നാ മുക്കിൽ പൊട്ടിയ ഭാഗത്ത് അറ്റകുറ്റപ്പണി പൂർത്തിയാക്കി പമ്പിംഗ് പുനരാരംഭിച്ചപ്പോൾ കേളമംഗലത്ത് പൈപ്പ് പൊട്ടി. ഇവിടെ അറ്റകുറ്റപ്പണി നടത്തി പമ്പിംഗ് തുടങ്ങിയപ്പോഴാണ് തകഴി ജംഗ്ഷനിൽ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ച് വലിയ കുഴി രൂപപ്പെട്ടത്.
കേളമംഗലം മുതൽ കരുമാടി വരെ 2 കി.മീറ്ററിനുളളിൽ 15 ഓളം ഭാഗത്താണ് അടുത്തിടെ പൈപ്പ് പൊട്ടി അറ്റകുറ്റപ്പണി നടത്തേണ്ടി വന്നത്. അറ്റകുറ്റപ്പണിക്കായി റോഡ് വെട്ടിപ്പൊളിച്ചെടുത്ത കുഴികൾ ടാറിംഗ് നടത്താതെ ഇട്ടിരിക്കുകയാണ്. അടിക്കടി പമ്പിംഗ് നിറുത്തേണ്ടി വരുന്നത് ആലപ്പുഴ നഗരത്തിലെയും സമീപത്തെ എട്ടു പഞ്ചായത്തുകളിലും ലെയും കുടിവെള്ളവിതരണം താറുമാറാക്കിയിരിക്കുകയാണ്. നഗരവാസികളെ ശരിക്കും 'വെള്ളം കുടിപ്പിക്കുകയാണ്" ഈ കുടിവെള്ള പദ്ധതി.