സ്ഥാനാർത്ഥികളെത്തേടി മുന്നണികൾ
ആലപ്പുഴ: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ എ.എം.ആരിഫ് ജയിച്ചതോടെ ഒഴിവ് വരുന്ന അരൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ ഇരു മുന്നണികളിലും അണിയറ ചർച്ചകൾ സജീവമായി. എൽ.ഡി.എഫിലും യു.ഡി.എഫിലും ഒന്നിലേറെ നേതാക്കളുടെ പേരുകളാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്.
ആലപ്പുഴയിൽ പരാജയപ്പെട്ട ഷാനിമോൾ ഉസ്മാൻ അരൂരിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചാൽ സീറ്റ് നൽകാനുള്ള സാദ്ധ്യത കൂടുതലാണ്. മത്സരിക്കാനുള്ള ആഗ്രഹം ഷാനിമോൾ ഐ ഗ്രൂപ്പിന്റെ ഒരു പ്രമുഖ നേതാവിനെ അറിയിച്ചതായും സൂചനയുണ്ട്. അരൂരിൽ മത്സരിക്കണമെന്ന് ഒരു വിഭാഗം ഷാനിമോളിൽ സമ്മർദ്ദം ചെലുത്തുന്നതായും അറിയുന്നു. ഷാനിമോൾ കൂടാതെ, കഴിഞ്ഞ തവണ ആരിഫിനോട് പരാജയപ്പെട്ട അഡ്വ.സി.ആർ.ജയപ്രകാശ്, മുൻ ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂർ,ഡി.സി.സി പ്രസിഡന്റ് എം.ലിജു എന്നിവരുടെ പേരുകളും പരിഗണനയിൽ വന്നേക്കും.
ആലപ്പുഴയിൽ പരാജയപ്പെട്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ആരിഫ് വലിയ ഭൂരിപക്ഷം നേടിയ അരൂരിൽ ഇത്തവണ മുന്നിലെത്താനായതാണ് ഷാനോമോളുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ ഷാനിമോൾക്ക് ഇവിടെ 648 വോട്ടിന്റെ ലീഡുണ്ടായിരുന്നു.
എൽ.ഡി.എഫിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം മനു സി. പുളിക്കൽ, മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം.
കെ.ആർ.ഗൗരിഅമ്മ കുത്തകയാക്കി വച്ചിരുന്ന മണ്ഡലം ആരിഫിനെ ഇറക്കിയാണ് സി.പി.എം പിടിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിനാണ് കോൺഗ്രസ് അരൂർ സീറ്റ് നൽകിയിരുന്നത്. എ വിഭാഗത്തിൽ നിന്നു തന്നെ ഉപതിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥി വരാൻ സാദ്ധ്യത കൂടുതലാണ്യില്ലാതില്ല. എെ വിഭാഗക്കാരായ കെ.മുരളീധരനും അടൂർ പ്രകാശും പാർലമെന്റിലേക്ക് വിജയിച്ചതോടെ വട്ടിയൂർക്കാവ്, കോന്നി നിയമസഭ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും. അവിടെ എെ വിഭാഗക്കാർ തന്നെ സ്ഥാനാർത്ഥിയാകുമെങ്കിൽ അരൂരിൽ എ വിഭാഗം സീറ്റിനായി പിടിമുറുക്കും. അതല്ല, എെ വിഭാഗം അരൂർ വേണമെന്ന് നിർബന്ധം പിടിച്ചാൽ വട്ടിയൂർക്കാവോ,റാന്നിയോ വേണമെന്ന് എ വിഭാഗവും വാദിക്കും. കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയം അത്ര എളുപ്പമാകില്ലെന്ന് സാരം.
ഷാനിമോൾ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായത് പാർട്ടി ജില്ലാ നേതൃത്വത്തെ വെട്ടിക്കൊണ്ടായിരുന്നു. ഒരാഴ്ച ഡൽഹിയിൽ തങ്ങി സീറ്റും കൊണ്ട് വരികയായിരുന്നു. അത് ജില്ലാ നേതൃത്വത്തിന് അംഗീകരിക്കേണ്ടി വന്നു.