pip

കുട്ടനാട് : കുട്ടനാട്ടിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനായി തുടങ്ങിയ ശേഷം നിലച്ചുപോയ തിരുവല്ല കറ്റോട് കുടിവെള്ള പദ്ധതിയ്ക്ക് വീണ്ടും ജീവൻവച്ചു. പദ്ധതിയുടെ പ്രവർത്തനത്തിന് മുന്നോടിയായി നെടുമ്പ്രം മണക്ക് ഹോസ്പിറ്റലിന് സമീപത്തെ പൊട്ടിയ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാനായി ജലഅതോറിട്ടി പത്ത് ലക്ഷം രൂപ അനുവദിച്ചു. പൈപ്പ്ലൈൻ മാറ്റാനുള്ള പണി തുടങ്ങി.

കറ്റോട്ട് നിന്ന് വിതരണം ചെയ്യുന്ന ശുദ്ധജലം നീരേറ്റുപുറം കുടിവെള്ള പദ്ധതിയുമായി സംയോജിപ്പിച്ച് കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിൽ വിതരണം ചെയ്യാനാണ് തീരുമാനം. കറ്റോട്ടുനിന്ന് ആറ് ദശലക്ഷവും, നീരേറ്റുപുറത്ത് നിന്ന് മൂന്ന് ദശലക്ഷവും ലിറ്റർ വെള്ളം വിതരണം ചെയ്യുന്നതോടെ തലവടി, എടത്വാ, വീയപുരം, മുട്ടാർ, വെളിയനാട്, കിടങ്ങറ, രാമങ്കരി പഞ്ചായത്തുകളിൽ ആദ്യഘട്ടം കുടിവെള്ളം എത്തും. കറ്റോട്ടുനിന്നും തലവടിയിൽനിന്നും വിതരണം ചെയ്യുന്ന ശുദ്ധജലം ഒരേപൈപ്പിലൂടെയായത് പ്രായോഗികമല്ലെന്ന ആരോപണവും ഉണ്ട്.
കുട്ടനാട്ടിലെ കടുത്ത ശുദ്ധജല ക്ഷാമത്തിന് പുതിയ പദ്ധതി ഗുണം ചെയ്യുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മൂന്ന് പതിറ്റാണ്ടിന് മുമ്പ് കുട്ടനാട് കുടിവെള്ള പദ്ധതിക്കായി തുടങ്ങിവച്ച കറ്റോട് പദ്ധതി തുടക്കത്തിൽ കുട്ടനാട്ടിലെ ഏതാനും പഞ്ചായത്തുകളിൽ ഗുണം ചെയ്‌തെങ്കിലും കാലക്രമേണ വിതരണം നിലച്ചു.

നീരേറ്റുപുറം കുടിവെള്ള പദ്ധതി കമ്മിഷൻ ചെയ്തതോടെ കറ്റോട് വെള്ളം കുട്ടനാട്ടിൽ ലഭിക്കാതായി. പിന്നീട് പല പ്രതിഷേധങ്ങൾ നടന്നെങ്കിലും ജലഅതോറിട്ടി കറ്റോട് പദ്ധതി പുനരാരംഭിച്ചില്ല. നീരേറ്റുപുറം കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്‌തെങ്കിലും ശുദ്ധജലം ലഭിക്കാതെ വന്നതോടെ വീണ്ടും കറ്റോട് പദ്ധതി പ്രാവർത്തികമാക്കാൻ പൊതുജനങ്ങൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കറ്റോട് പദ്ധതിക്ക് വീണ്ടും ജീവൻ വച്ചത്. പൈപ്പ് ലൈൻ നന്നാക്കുന്ന പ്രദേശം തലവടി പഞ്ചാത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരൻ, പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് എന്നിവർ സന്ദർശിച്ചു.