ചേർത്തല: കളഞ്ഞുകിട്ടിയ സ്വർണമാല വീട്ടമ്മയ്ക്ക് തിരികെ നൽകി വിദ്യാർത്ഥിനികൾ മാതൃകയായി.വയലാർ കവലയിൽ പ്രവർത്തിക്കുന്ന ആയുർക്ഷേത്ര നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനികളായ എഴുപുന്ന ചില്ലംതറ മോഹനന്റെ മകൾ ശിൽപ, കുത്തിയതോട് 15-ാം വാർഡ് പരവത്തറ ജോയിയുടെ മകൾ നിമ്മി എന്നിവർക്ക് ശനിയാഴ്ച സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് പവിഴ മുത്തോടുകൂടിയ നാലര പവന്റെ മാല ലഭിച്ചത്. ഇവർ മാല ചേർത്തല പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
ഇതിനിടെ, നഗരസഭ 24-ാം വാർഡ് കുരുകയിൽ അക്ഷയ കുമാറിന്റെ ഭാര്യ മഞ്ജു മാല നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. യാത്രയ്ക്കായി ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് മഞ്ജുവിന്റെ മാല നഷ്ടമായത്. ഇന്നലെ വൈകിട്ട് പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ സി.ഐ പി. ശ്രീകുമാറിന്റെ സാന്നിദ്ധ്യത്തിൽ വിദ്യാർത്ഥിനികൾ മഞ്ജുവിന് മാല കൈമാറി. കുട്ടികൾക്ക് മഞ്ജു പാരിതോഷികവും നൽകി.