photo

ചേർത്തല: കളഞ്ഞുകിട്ടിയ സ്വർണമാല വീട്ടമ്മയ്ക്ക് തിരികെ നൽകി വിദ്യാർത്ഥിനികൾ മാതൃകയായി.വയലാർ കവലയിൽ പ്രവർത്തിക്കുന്ന ആയുർക്ഷേത്ര നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥിനികളായ എഴുപുന്ന ചില്ലംതറ മോഹനന്റെ മകൾ ശിൽപ, കുത്തിയതോട് 15-ാം വാർഡ് പരവത്തറ ജോയിയുടെ മകൾ നിമ്മി എന്നിവർക്ക് ശനിയാഴ്ച സ്വകാര്യ ബസ് സ്​റ്റാൻഡിന് സമീപത്ത് നിന്നാണ് പവിഴ മുത്തോടുകൂടിയ നാലര പവന്റെ മാല ലഭിച്ചത്. ഇവർ മാല ചേർത്തല പൊലീസ് സ്‌​റ്റേഷനിൽ ഏൽപ്പിച്ചു.

ഇതിനിടെ, നഗരസഭ 24-ാം വാർഡ് കുരുകയിൽ അക്ഷയ കുമാറിന്റെ ഭാര്യ മഞ്ജു മാല നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസ് സ്‌​റ്റേഷനിലെത്തിയിരുന്നു. യാത്രയ്ക്കായി ബസ് സ്​റ്റാൻഡിൽ എത്തിയപ്പോഴാണ് മഞ്ജുവിന്റെ മാല നഷ്ടമായത്. ഇന്നലെ വൈകിട്ട് പൊലീസ് സ്‌​റ്റേഷൻ അങ്കണത്തിൽ സി.ഐ പി. ശ്രീകുമാറിന്റെ സാന്നിദ്ധ്യത്തിൽ വിദ്യാർത്ഥിനികൾ മഞ്ജുവിന് മാല കൈമാറി. കുട്ടികൾക്ക് മഞ്ജു പാരിതോഷികവും നൽകി.