ആലപ്പുഴ: പുതിയ അദ്ധ്യയന വർഷത്തിന് മുന്നോടിയായി സ്കൂൾ വാഹനങ്ങളുടെ സുരക്ഷ മോട്ടോർ വാഹനവകുപ്പ് കർശനമാക്കി. അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് മുൻകൂർ പരിശോധന.
സ്‌കൂൾ വാഹനങ്ങളിൽ ഈ വർഷം മുതൽ ജി.പി.എസ് സംവിധാനം നിർബന്ധമാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മോട്ടോർ വാഹനവകുപ്പ് 'സുരക്ഷാമിത്രം' എന്നപേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ സ്കൂൾ വാഹനങ്ങളുടെ ആദ്യഘട്ട പരിശോധന പൂർത്തിയായി. 29ന് അമ്പലപ്പുഴ താലൂക്കിലെ മുഴുവൻ സ്കൂളുകളിലെയും വാഹനങ്ങളുടെ പരിശോധന നടത്തും. ആലപ്പുഴ ആർ.ടി.ഒയുടെ പരിധിയിൽ 60 ലേറെ സ്‌കൂൾ ബസുകളുണ്ട്. 31ന് ജില്ലയിലെ മുഴുവൻ സ്‌കൂൾ വാഹനങ്ങളിലും ഫിറ്റ്‌നസ് പരിശോധന പൂർത്തീകരിക്കും. സ്‌കൂൾ ബസുകളിൽ ജി.പി.എസ് ഘടിപ്പിച്ചശേഷം അത് മോട്ടോർ വാഹന വകുപ്പിനെ അറിയിച്ച് ടാഗ് ചെയ്യണമെന്ന് സ്‌കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിർദ്ദേശങ്ങൾ പാലിക്കാത്ത വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കില്ല.
സ്കൂൾ വാഹനങ്ങൾ ഡ്രൈവർമാർ നേരിട്ടെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി സർട്ടിഫിക്കറ്റുകൾ വാങ്ങണം. വാഹനങ്ങളുടെ കാര്യക്ഷമത, എമർജൻസി വാതിലുകൾ, വൈപ്പർ ബ്ലേഡുകൾ, ഡോർ ഹാൻഡിലുകൾ, കർട്ടനുകൾ, കുട്ടികളുടെ സീറ്റുകൾ എന്നിവ പരിശോധിക്കും. സ്‌കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസുകളും നൽകുന്നുണ്ട്. ഈ ക്ലാസിൽ പങ്കെടുക്കുന്ന ഡ്രൈവർമാരെ മാത്രമേ സ്‌കൂൾ വാഹനങ്ങൾ ഓടിക്കാൻ അനുവദിക്കുകയുള്ളു. കരാർ വാഹനങ്ങൾ 'ഓൺ സ്‌കൂൾ ഡ്യൂട്ടി' എന്ന് രേഖപ്പെടുത്തണം. കഴിഞ്ഞ അദ്ധ്യയന വർഷം തന്നെ ജില്ലയിലെ ഭൂരിഭാഗം ബസുകളിലും ജി.പി.എസ് ഘടിപ്പിച്ചിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ വാർഷിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി അവസാനിച്ചിട്ടില്ലാത്ത സ്കൂൾ വാഹനങ്ങളും പരിശോധനയ്ക്ക് ഹാജരാക്കണം.
.....................................
# സുരക്ഷാമിത്രം
സ്‌കൂൾ ബസുകളുടെ വേഗം, യാത്രാപഥം തുടങ്ങിയവ കൺട്രോൾ റൂമിലിരുന്ന് നിരീക്ഷിക്കാനാവും.
കുട്ടികൾക്ക് നേരെ മോശം പെരുമാറ്റം ഉണ്ടായാൽ വാഹനത്തിലെ ബസ്സർ അമർത്തുമ്പോൾ അടുത്തുള്ള മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ അറിയിപ്പ് ലഭിക്കും. അപകടമുണ്ടായാൽ ഉടൻ കൺട്രോൾ റൂമിൽ വിവരം ലഭിക്കും. ബസ് 40 ഡിഗ്രിയിൽ കൂടുതൽ ചരിഞ്ഞാൽ അപായ സന്ദേശം ഉയരും. വേഗം കൂട്ടിയാലും ജി.പി.എസ് വേർപെടുത്തിയാലും കൺട്രോൾ റൂമിൽ വിവരമറിയും.
..................................
# സുരക്ഷാ സ്റ്റിക്കർ
ഫിറ്റ്നസ് പരിശോധന വിജയിക്കുന്ന എല്ലാ സ്കൂൾ ബസുകളിലും മോട്ടോർ വാഹന വകുപ്പ് സുരക്ഷാസ്റ്റിക്കർ പതിക്കും. ഈ സ്റ്റിക്കർ ഉള്ളവ മാത്രമേ നിരത്തിലിറക്കാനാവൂ.