# തലവേദനയായി ആലപ്പുഴ കുടിവെള്ള പദ്ധതി

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പൈപ്പുപൊട്ടൽ തുടർക്കഥയായതോടെ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. രണ്ടാഴ്ചക്കുള്ളിൽ നാല് തവണയാണ് പൈപ്പ് പൊട്ടി കുടിവെള്ള വിതരണം തടസപ്പെട്ടത്.

40 കിലോമീറ്റർ ദൈർഘ്യമാണ് പദ്ധതിയിലെ കുഴലിനുള്ളത്. ഇതിൽ ഒരു കിലോമീറ്റർ നീളത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 38 തവണ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം മുടങ്ങി. 15 ദിവസം മുമ്പ് തകഴി ക്ഷേത്രം ജംഗ്ഷന് സമീപം പൊട്ടിയ പൈപ്പിൻറെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ സമീപത്ത് വീണ്ടും പൊട്ടി. അമ്പലപ്പുഴ താലൂക്കിൽ മാത്രം 5 ലക്ഷം കുടുംബങ്ങൾക്ക് വേണ്ടത് പ്രതിദിനം 62 ദശലക്ഷം ലിറ്റർ വെള്ളമാണ്. പമ്പിംഗ് നിലച്ചതോടെ പൂർണ്ണമായും കുടിവെള്ള വിതരണം മുടങ്ങി. പ്രശ്ന പരിഹാരത്തിന് അധികൃ2തർ അടിയന്തര നടപ‌ടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

# നഗരത്തിൽ കുറവ് 19 ദശലക്ഷം ലിറ്റർ

ആലപ്പുഴ നഗരത്തിൽ 28 ദശലക്ഷം ലിറ്ററും സമീപത്തെ എട്ട് പഞ്ചായത്തുകളിൽ 34 ദശലക്ഷം ലിറ്റർ വെള്ളവുമാണ് പ്രതിദിനം വേണ്ടത്. ജല അതോറിട്ടി നഗരത്തിൽ 12 ടാങ്കർ ലോറികളിൽ പ്രതിദിനം ഒരു ദശലക്ഷം ലിറ്റർ വെള്ളം എത്തിക്കുന്നു. നഗരത്തിലെ 17 കുഴൽ കിണറുകളിൽ നിന്ന് 8 ദശലക്ഷം ലിറ്റർ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. നഗരത്തിൽ 19 ദശലക്ഷം ലിറ്റർ വെള്ളത്തിന്റെ കുറവാണ് ഒരുദിവസം വരുന്നത്. പഞ്ചായത്തുകളിലെ 34 കുഴൽ കിണറുകളിൽ നിന്ന് 13.5 ദശലക്ഷം ലിറ്റർ വെള്ളം പമ്പ് ചെയ്യുമ്പോഴും 21.5 ദശക്ഷം വെള്ളത്തിന്റെ കുറവ് അനുഭവപ്പെടുന്നുണ്ട്. ജലഅതോറിട്ടിയുടെ 9 ആർ.ഒ പ്ളാന്റുകളും പ്രവർത്തിക്കുന്നുണ്ട്.

......................................

'പൈപ്പ് പൊട്ടലിന്റെ പേരിൽ തുടർച്ചയായി നഗരത്തിൽ ജലവിതരണം മുടങ്ങുന്നത് വ്യാപാരികളെ ബാധിക്കുന്നുണ്ട്. അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരങ്ങൾ ആരംഭിക്കും'

രാജു അപ്സര (ജില്ലാ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി)

..........................................

വാടയ്ക്കൽ, ഗുരുമന്ദിരം വാർഡുകളിൽ മാലിന്യം കലർന്ന വെള്ളമാണ് വിതരണം ചെയ്യുന്നത്. ജല അതോറിട്ടി അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ഓഫീസിനു മുന്നിൽ സമരം നടത്തും'

ബഷീർ കോയാപറമ്പിൽ (ചെർമാൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, നഗരസഭ)