തുറവൂർ : ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ അന്ധകാരനഴി ബീച്ചിലെ പൊലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി. ബീച്ചിലെത്തുന്നവർക്ക് നേരെയുള്ള സാമൂഹ്യവിരുദ്ധരുടെ ശല്യം തടയുന്നതിനാണ് ഏതാനും വർഷം മുമ്പ് ഇവിടെ ലേല ഹാളിനോട് ചേർന്ന കെട്ടിടത്തിൽ എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്.
പട്ടണക്കാട് പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള എയ്ഡ് പോസ്റ്റിൽ ഒരു പൊലീസുകാരനാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. എന്നാൽ, മുന്നറിയിപ്പൊന്നും ഇല്ലാതെ കഴിഞ്ഞ പ്രളയകാലത്ത് എയ്ഡ് പോസ്റ്റ് അടച്ചു പൂട്ടി . സ്റ്റേഷനിൽ ആവശ്യത്തിന് പൊലീസുകാരില്ലാത്തതാണ് അന്ന് കാരണമായി പറഞ്ഞിരുന്നത്.
ബീച്ചിൽ ആളുകൾ ധാരാളമെത്തുന്ന അവധി ദിവസങ്ങളിൽ സ്റ്റേഷനിൽ നിന്ന് ജീപ്പിലെത്തി പൊലീസ് പട്രോളിംഗ് നടത്താറുണ്ടെങ്കിലും പൊലീസിന്റെ മുഴുവൻ സമയ സേവനം ലഭ്യമാകണമെന്നാണ് ആവശ്യം.
'' സ്റ്റേഷനിൽ പൊലീസുകാർ ആവശ്യത്തിനില്ലാത്തതാണ് പ്രശ്നം. അവധി ദിവസങ്ങളിലും മറ്റും വൈകിട്ട് ബീച്ചിൽ പൊലീസിന്റെ സേവനം പരമാവധി ലഭ്യമാക്കുന്നുണ്ട്
എസ്.അമൃത രംഗൻ,
പട്ടണക്കാട് എസ്.ഐ.