jijo

ചാരുംമൂട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ബേക്കറി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി ചിരാൽ വില്ലേജിൽ നെൻമേലി താഴത്തൂർ കന്നിക്കോട്ട് (തോട്ടത്തിൽ) ജിനോ തോമസിനെയാണ് (23) ചാരുംമൂട് സ്വദേശിനിയായ 19കാരിയുടെ പരാതിയിൽ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ചാരുംമൂട്ടിലുള്ള സ്ഥാപനത്തിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. യുവതിയുമായി പ്രണയത്തിലായ ജിനോ ബത്തേരിയിലെ വീട്ടിലും വൈത്തിരിയിലുള്ള ലോഡ്ജിലും വാടക വീട്ടിലും താമരക്കുളത്തുള്ള ബന്ധുവിന്റെ വീട്ടിലും വച്ച് പീഡിപ്പിച്ചതായാണ് പരാതി.

വിവാഹ വാഗ്ദാനം നൽകിയാണ് യുവതിയെ ബത്തേരിയിലേക്ക് ഇയാൾ കൂട്ടിക്കൊണ്ടുപോയത്. രണ്ടു മാസത്തോളം ഒപ്പമുണ്ടായിരുന്ന യുവതിയെ ഒരു മാസം മുമ്പ് താമരക്കുളത്തെ വീട്ടിലെത്തിച്ച ശേഷം ജിനോ മടങ്ങി വരാത്തതിനെത്തുടർന്നാണ് പരാതി നൽകിയത്.

നൂറനാട് എസ്.ഐ വി.ബിജുവിന്റെ നേതൃത്വത്തിൽ എ.എസ്.ഐ സുരേഷ് കുമാർ, സീനിയർ സി.പി.ഒമാരായ ഉദയകുമാർ, അഭിലാഷ്, സി.പി.ഒ സ്വർണ്ണമ്മ എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം ബത്തേരിയിൽ നിന്ന് പ്രതിയെ പിടികൂടിയത്. വിവാഹ വാഗ്ദാനം നൽകി ഒപ്പം കൂടെക്കൂട്ടിയിരുന്ന മുഹമ്മ സ്വദേശിയായ ഒരു യുവതിയും പിടിയിലാവുമ്പോൾ ഇയാളുടെ ഒപ്പമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.