ഹരിപ്പാട്: കാർന്നു തിന്നുകൊണ്ടിരുന്ന രക്താർബുദത്തോട് പടവെട്ടിയ ഗൗതം ഒടുവിൽ വിധിക്കു കീഴടങ്ങി വേദനകളില്ലാത്ത ലോകത്തേക്കു മടങ്ങി. രോഗപീഡകൾക്കിടയിലും ആശുപത്രിക്കിടക്കയിൽ നിന്നെത്തി പത്താം ക്ളാസ് പരീക്ഷയെഴുതുകയും മികച്ച വിജയം നേടുകയും ചെയ്ത ഗൗതം ഇനി വേദനിപ്പിക്കുന്ന ഓർമ്മ മാത്രം.
പള്ളിപ്പാട് രാമങ്കേരിയിൽ അജയകുമാറിന്റെയും അഡ്വ.ജിഷയുടെയും മകനും ഹരിപ്പാട് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയുമായ ഗൗതമാണ് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലിരിക്കെ രോഗാവസ്ഥ രൂക്ഷമായി മരിച്ചത്. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഗൗതമായിരുന്നു വാർത്തകളിലൊക്കെ നിറഞ്ഞു നിന്നത്. രോഗാവസ്ഥയോട് മല്ലടിച്ചു നിന്ന ഗൗതം 125 കിലോമീറ്റർ അകലെയുള്ള ആർ.സി.സിയിൽ നിന്ന് രാവിലെ 6.30ന് കാറിൽ യാത്രതിരിച്ച് ഹരിപ്പാട്ടെത്തിയാണ് പരീക്ഷ എഴുതിയത്. പരീക്ഷയ്ക്കു ശേഷം ആശുപത്രി കിടക്കയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
വേദന സംഹാരികളും മറ്റ് മരുന്നുകളും മൂലമുള്ള മയക്കവും അസ്വസ്ഥതകളും ഈ മിടുക്കന്റെ ദൃഢനിശ്ചയത്തിന് മുന്നിൽ തോറ്റു. ഒടുവിൽ രക്തം ഛർദ്ദിച്ച് പരീക്ഷാ ഹാളിൽ വീണതോടെ ബാക്കിയുള്ള പരീക്ഷകൾ എഴുതാൻ കഴിഞ്ഞില്ല. മൂന്ന് വീതം എ പ്ളസും ബി പ്ളസും ഗൗതം സ്വന്തമാക്കി.
എഴുതാൻ കഴിയാതിരുന്ന പരീക്ഷകൾക്കായി ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസം ആർ.കെ ജംഗ്ഷനിലുള്ള വാടക വീട്ടിലെത്തിയിരുന്നു. 21, 22, 25 തീയതികളിൽ ആലപ്പുഴ മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കണക്ക്, ബയോളജി, സോഷ്യൽ സയൻസ് പരീക്ഷകൾ ഗൗതം എഴുതി. 25ന് പരീക്ഷ കഴിഞ്ഞതോടെ രോഗാവസ്ഥ മോശമായി വീണ്ടും ആർ.സി.സിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഗൗതമിനെ മരണം കൂട്ടിക്കൊണ്ടുപോയി.
2017 ഡിസംബറിലാണ് ഗൗതമിന് രക്താർബുദം സ്ഥിരീകരിച്ചത്. ഗൗതമിനെ കാണാൻ കളക്ടർ എസ്. സുഹാസ് അടുത്തിടെ വീട്ടിലെത്തിയിരുന്നു. ഹരിപ്പാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ളാസ് വിദ്യാർത്ഥിനി മീനാക്ഷി, നടുവട്ടം വി.എച്ച്.എസ് സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനി ഗൗരി എന്നിവരാണ് സഹോദരിമാർ. സംസ്കാരം ഇന്ന് രാവിലെ 11ന്.