ഹരിപ്പാട്: മുക്ക് പണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കീരിക്കാട് കണ്ണമ്പള്ളി ആശാരിത്തറ പടീറ്റതിൽ സന്തോഷ് കുമാർ (43), ഇടുക്കി പെരുംതോട്ടി കപ്പ്യാർ കുന്നേൽ വീട്ടിൽ സുനീഷ് സുരേഷ് (25), കോതമംഗലം വാരാപ്പെട്ടി ചാലിൽ ബിജു (40)എന്നിവരെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
പതിനൊന്ന് സ്ഥാപനങ്ങളിൽ നിന്നായി 9 ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തത്. മെയ് 3ന് പ്രതികൾ പേരാത്ത് ജംഗ്ഷനിലുള്ള കെ.ആർ ഫിനാൻസിൽ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാരിക്ക് സംശയം തോന്നിയതിനാൽ പരാജയപ്പെട്ടു. ജീവനക്കാരി ഉടമയെ ഫോണിൽ വിവരം അറിയിച്ചതോടെ ഇവർ ഇവിടെ നിന്ന് കാറിൽ രക്ഷപ്പെട്ടു. തുടർന്ന് സ്ഥാപന ഉടമ പൊലീസിൽ പരാതി നൽകി.
രക്ഷപ്പെടാൻ ഉപയോഗിച്ച കാറിന്റെ സി സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കൊട്ടാരക്കര സ്വദേശിയുടേതാണ് കാറെന്നും ഇത് കുറച്ചു നാൾ മുമ്പ് പുതിയവിള സ്വദേശിയായ പ്രവീണിന് വിറ്റതായും കണ്ടെത്തി. പ്രവീൺ കാർ വാങ്ങിയത് തൊട്ടടുത്ത വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന സുനീഷിനു വേണ്ടിയായിരുന്നു. വാടക വീടായതിനാൽ സുനീഷിനു തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ പ്രവീണിന്റെ പേരിൽ വാഹനം വാങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കരീലക്കുളങ്ങര എസ്.ബി.ഐ യിൽ പള്ളിപ്പാട് സ്വദേശിനിയുടെ സഹായത്തോടെ ഇവർ ഒരുലക്ഷത്തി ഇരുപതിനായിരം രൂപയ്ക്ക് മുക്കുപണ്ടം പണയം വച്ചിരുന്നു.
വേലഞ്ചിറ, ഹരിപ്പാട് ഡാണാപ്പടി, മുതുകുളം പേരാത്തു മുക്ക്, കാരിച്ചാൽ പള്ളിക്ക് സമീപം, പായിപ്പാട്, കരുവാറ്റ കന്നുകാലി പാലത്തിനു സമീപം, തകഴി എന്നിവിടങ്ങിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും ഇവർ മുക്കുപണ്ടം പണയം വച്ച് പണം തട്ടി. ഇടുക്കി ചെറുതോണി പൊലീസ് സ്റ്റേഷൻ പരിധിയിൽ നാല്പത്തിരണ്ടായിരം രൂപ, മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് ലക്ഷം രൂപ ഉൾപ്പടെ ഇവർ തട്ടിയെടുത്തു. സുനീഷിനെ പുല്ലുകുളങ്ങര എസ്.ബി.ഐ എ.ടി.എമ്മിന് സമീപത്തു നിന്നും, സന്തോഷ്, അയ്യപ്പൻ എന്നിവരെ കീരിക്കാടുള്ള സന്തോഷിന്റെ വീട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. സംഘത്തിൽ ഇനിയും ആളുകൾ ഉണ്ടെന്നും അവരെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. കായംകുളം ഡിവൈ.എസ്.പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ എസ്.ഐ സോണി മത്തായി, അഡിഷണൽ എസ്.ഐ ശ്രീധരൻ, എ.എസ്.ഐ അലി അക്ബർ, സീനിയർ സി.പി.ഒ മാരായ പത്മരാജൻ, ലാൽ ചന്ദ്രൻ, സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്