roplant-

ആലപ്പുഴ : '' പ്രിയമുള്ളവരെ , ഇത് ഒരു പക്ഷേ ഞാൻ അവസാനമായി എഴുതുന്ന കത്താവാം !!! മരണം അടുത്തെന്ന് ഒരു തോന്നൽ . കാരണം എന്റെ നാടായ ആലപ്പുഴയിൽ ദാഹജലം കിട്ടിയിട്ട് 12 ദിവസം കഴിഞ്ഞു...'' ആലപ്പുഴയിലെ ഒരു യുവസംവിധായകൻ കഴിഞ്ഞദിവസം ഫേസ് ബുക്കിൽ കുറിച്ചതാണീ വാക്കുകൾ. ഇത് ഒരാളുടെ മാത്രം അനുഭവമല്ല. ആലപ്പുഴ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ഓരോരുത്തരുടെയും അനുഭവമാണ്.

കുടിവെള്ള വിതരണം താറുമാറായിട്ട് പത്ത് ദിവസത്തിലേറെയായെങ്കിലും ഇത് പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.

ആർ.ഒ പ്ളാന്റുകളിൽ നിന്നുള്ള വെള്ളം മാത്രമാണ് ഏക ആശ്രയം. വാട്ടർ അതോറിട്ടിയുടെ കീഴിൽ നഗരത്തിൽ 14 ആർ.ഒ പ്ളാന്റുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ പലതിന്റെയും പ്രയോജനം മുഴുവൻ സമയവും കിട്ടാത്തതിനാൽ സ്വകാര്യ ആർ.ഒ പ്ളാന്റുകളെ ആശ്രയിക്കുകയാണ് നഗരവാസികൾ. ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുന്നതിനാൽ ആർ.ഒ പ്ളാന്റുകളിൽ അധിക പമ്പിംഗ് നടത്തണമെന്നാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നതെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.

കുടിവെള്ളത്തിന്റെ ക്ഷാമം മുതലാക്കി സ്വകാര്യ ആർ.ഒ പ്ളാന്റുകളും കൊയ്ത്ത് തുടങ്ങിയിട്ടുണ്ട്. ലിറ്ററിന് ഒരു രൂപ നിരക്കിൽ വെള്ളം വിറ്റിരുന്നവർ ഇപ്പോൾ രണ്ട് രൂപ മുതൽ അഞ്ച് രൂപ വരെ ഈടാക്കുന്നു.

 കരളകത്ത് ആർ.ഒ പ്ളാന്റ്

നോക്കുകുത്തി

കരളകം ആർ.ഒ പ്ലാന്റ് തങ്ങൾക്ക് ഉപകാരപ്പെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പുന്നമട,കരളകം,കൊറ്റംകുളങ്ങര,പോയിപ്പള്ളി,തോട്ടാത്തോട് എന്നിവിടങ്ങളിലെ ജനങ്ങളുടെ ആശ്രയമായ ഇൗ പ്ലാന്റിൽ എത്തുമ്പോൾ വെള്ളം കിട്ടാറില്ലെന്ന് വേനൽക്കാലത്തിന് മുമ്പേ ആക്ഷേപമുയർന്നതാണ്. ഇപ്പോഴും ഇതേ സ്ഥിതി തുടരുന്നു. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 6 വരെയുമാണ് പ്രവർത്തന സമയം. മിക്കവാറും ദിവസങ്ങളിൽ കൃത്യസമയത്ത് പമ്പിംഗ് ആരംഭിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. ഡ്യൂട്ടി സമയം കഴിയുന്നത് വരെ പമ്പ് ഓപ്പറേറ്റർ പ്ലാന്റുകളിൽ ഉണ്ടായിരിക്കണമെന്നുണ്ടെങ്കിലും ഇവിടെ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല .ഓപ്പറേറ്റർ ഇല്ലെങ്കിൽ ടാങ്കിൽ അടിച്ചിട്ടിരുന്ന വെള്ളം തീരുന്നത് വരെ നാട്ടുകാർ എടുക്കുംശേഖരിക്കും. പിന്നെ എത്തുന്നവർക്ക് അടുത്തുള്ള സ്വകാര്യ ആർ.ഒ പ്ലാന്റുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. ഇവിടെ പമ്പിംഗ് കൃത്യതയോടെ നടന്നില്ലെങ്കിൽ പ്രതിഷേധ പരിപാടിക്ക് ഒരുങ്ങുകയാണ് നാട്ടുകാർ

......

'' കടപ്രയിൽ പമ്പിംഗ് നിറുത്തി വച്ചതിനെതുടർന്ന് വെള്ളം കിട്ടാത്ത സ്ഥലങ്ങളിൽ വാട്ടർ അതോറിട്ടി വാഹനങ്ങളിൽ വെള്ളം എത്തിക്കുന്നുണ്ട്. ആർ.ഒ പ്ലാന്റുകളിൽ കൂടുതൽ സമയം പമ്പിംഗ് നടത്താൻ ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് വിരുദ്ധമായി ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കും. കരളകം ആർ.ഒ പ്ലാന്റിലെ പ്രശ്നം തന്നെ പരിഹരിക്കും.

(സാബു തോമസ്,വാട്ടർ അതോറിട്ടി ടൗൺ അസി.എൻജിനീയർ)

....

'' കരളകത്തെ പമ്പ് ഓപ്പറേറ്റർക്കെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധ സമരവുമായി മുന്നിട്ടിറങ്ങും. വടികാട്,കരളകം എന്നീ പ്ലാന്റുകളിൽ കൂടുതൽ സമയങ്ങളിൽ പമ്പിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതാണ്. പൊതുവേ വെള്ളത്തിന് ബുദ്ധിമുട്ടുള്ള പ്രദേശമാണിത്

(ആർ.ആർ.ജോഷിരാജ്,കരളകം വാർഡ് കൗൺസിലർ)

......

'' രണ്ട് മാസം മുമ്പ് കരളകം ആർ.ഒ പ്ലാന്റിന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. ഇതേതുടർന്ന് കുറച്ച് നാളത്തേക്ക് കൃത്യമായി പ്രവർത്തനം നടന്നിരുന്നു. ഇപ്പോൾ വീണ്ടും താളംതെറ്റി

(പ്രദേശവാസികൾ)