hg
സ്വാഗത സംഘം രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: നവാഗതരെ വരവേൽക്കാനായി ജില്ലയിലെ സ്‌കൂളുകൾ ഒരുങ്ങിത്തുടങ്ങി. ജൂൺ 3ന് കുട്ടികളെത്തുമ്പോൾ അവരെ ആകർഷിക്കാനായി വിദ്യാലയങ്ങൾ മോടി പിടിപ്പിക്കുന്ന തിരക്കിലാണ് സ്‌കൂൾ അധികൃതർ. ഈ വർഷം പ്ലസ് വൺ കുട്ടികളെക്കൂടി പ്രവേശനോത്സവ ദിവസം വിദ്യാലയത്തിലേക്ക് സ്വീകരിക്കുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിലേക്കെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധന വന്നിട്ടുണ്ട്. ഹരിപ്പാട് ഉപജില്ലയിൽ എൽ.പി, യു.പി സ്‌കൂളുകളിൽ മാത്രം മേയ് 27വരെ 1 മുതൽ 7 വരെ ക്ലാസുകളിലേക്കായി 1135 കുട്ടികൾ പുതുതായി പ്രവേശനം നേടിയിട്ടുണ്ട്. ജൂൺ 3 എത്തുമ്പോഴേക്കും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകും.

ഉപജില്ലാതല പ്രവേശനോത്സവം വീയപുരം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലാണ് നടക്കുന്നത്. സ്‌കൂൾ തല പ്രവേശനോത്സവങ്ങൾ കൂടാതെ എല്ലാ പഞ്ചായത്തുകളിലേയും ഒരു സ്‌കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവവും നടക്കും. ഉപജില്ലാതല പ്രവേശനോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം വീയപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരള ഹരിപ്പാട് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എം.സുധീർഖാൻ റാവുത്തർ പ്രവേശനോത്സവ സംബന്ധമായ കാര്യങ്ങൾ വിശദീകരിച്ചു. സ്‌കൂൾ പ്രഥമാദ്ധ്യാപിക ഡി.ഷൈനി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി. ഷാജി, പി.ടി.എ പ്രസിഡന്റ് എൻ.പ്രസാദ് കുമാർ, വീയപുരം ക്ലസ്റ്റർ കോ-ഓർഡിനേറ്റർ പി.എലിസബത്ത് തുടങ്ങിയവർ സംസാരിച്ചു.