ശബരിമല വികാരം വോട്ടാക്കി മാറ്റുന്നതിൽ വീഴ്ച പറ്റിയെന്ന് ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ നേതൃയോഗം വിലയിരുത്തി. വിശ്വാസികളെ എൻ.ഡി.എയ്ക്കൊപ്പം നിറുത്താനായില്ല. ഇതിൻെറ ഗുണം യു.ഡി.എഫിനാണ് കിട്ടിയത്. തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകീകരിക്കുന്നതിൽ ബി.ജെ.പി നേതൃത്വം പരാജയപ്പെട്ടെന്ന് ഭൂരിഭാഗം അംഗങ്ങളും പരാജയപ്പെട്ടു. അതിനാൽ നേതൃത്വത്തിൽ മാറ്റം അനിവാര്യമാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. എന്നാൽ മാറ്റത്തിനപ്പുറത്ത് കൂട്ടായ പ്രവർത്തനവുമായി മുന്നോട്ട് പോവുകയാണ് വേണ്ടതെന്ന് ചില അംഗങ്ങൾ പറഞ്ഞു.
കേരളത്തിൽ നിന്ന് മൂന്ന് പേർ വിജയിക്കുമെന്നായിരുന്നു പാർട്ടി ദേശീയ നേതൃത്വം വിലയിരുത്തിയിരുന്നതെന്ന് ദേശീയ സെക്രട്ടറിമാരായ എച്ച്.രാജയും സത്യകുമാറും യോഗത്തിൽ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും വിജയിക്കുന്നമെന്നായിരുന്നു പ്രതീക്ഷയെന്നും അവർ പറഞ്ഞു. ഇവിടെ മൂന്നിടത്തും ഉദ്ദേശിച്ച വോട്ട് പിടിക്കാനായില്ല. ന്യൂനപക്ഷങ്ങളുടെ വോട്ട് ഏകീകരണവും തീരദേശമേഖലകളിൽ സ്വാധീനം ചെലുത്താനാവാത്തതും തിരുവനന്തപുരത്തെ പരാജയത്തിനിടയാക്കി. ഇവിടെ സി.പി.എം കോൺഗ്രസിന് വോട്ട് ചെയ്തു. പത്തനംതിട്ടയിൽ ബി.ജെ.പിക്ക് വോട്ട് കൂടിയത് ശബരിമല വിഷയം അനുകൂലമായതുകൊണ്ടാണ്. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം തൃശൂരിൽ വോട്ട് വർദ്ധിക്കാൻ കാരണമായി.
48 അംഗ സംസ്ഥാന നേതൃയോഗത്തിൽ 39 പേർ പങ്കെടുത്തു. വിശദമായ ചർച്ച ബൂത്ത്തലത്തിൽ നടത്താനും യോഗം തീരുമാനിച്ചു. ഒ.രാജഗോപാൽ,കുമ്മനം രാജശേഖരൻ, അഡ്വ. പി.എസ്.ശ്രീധരൻപിള്ള, കെ.സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു.
# വോട്ട് ശതമാനം കൂടി: എം.ടി. രമേശ്
2014 ൽ 10.91ശതമാനമായിരുന്ന എൻ.ഡി.എയുടെ വോട്ട് ഇപ്പോൾ 15.56 ശതമാനമായെന്ന് ജനറൽ സെക്രട്ടറി എം.ടി.രമേശ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു നിയമസഭാ മണ്ഡലത്തിൽ ഒന്നാമതും ഏഴിടങ്ങളിൽ രണ്ടാം സ്ഥാനത്തുമെത്തി. 66 മണ്ഡലങ്ങളിൽ മുപ്പതിനായിരത്തിലധികം വോട്ടുകൾ നേടി. എട്ട് പാർലമെൻറ് മണ്ഡലങ്ങളിൽ 15 ശതമാനത്തിലധികം വോട്ടുകൾ കിട്ടി. വിജയിക്കാൻ സാധിച്ചില്ലെങ്കിലും വലിയ മുന്നേറ്റം ഉണ്ടാക്കാനായി. സി.പി.എമ്മിൻെറ വോട്ടുകളും ബി.ജെ.പി നേടി. 2014 ൽ ആറ്റിങ്ങലിൽ എൽ.ഡി.എഫിന് 49.69 ശതമാനം വോട്ടാണ് കിട്ടിയത്. അതിപ്പോൾ 34.11 ശതമാനമായി കുറഞ്ഞു. ഇതിൽ പത്ത് ശതമാനം വോട്ടും ബി.ജെ.പിക്കാണ് ലഭിച്ചത്. സി.പി.എമ്മിനെ ആശയമായി നേരിട്ട് ബി.ജെ.പി മുന്നേറുമെന്നും രമേശ് പറഞ്ഞു.