# ജയമോളുടെ മരണത്തോടെ പ്രദേശവാസികൾ ഭീതിയിൽ
ചേർത്തല: മദ്യം ഉത്പാദനം നിലച്ചതോടെ വാരനാട് മക്ഡവൽ കമ്പനി പരിസരം ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി. തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് പുളിക്കൽവെളി പവിത്രന്റെ ഭാര്യ ജയമോൾ (47) മൂർഖന്റെ കടിയേറ്റ് ഇന്നലെ മരിച്ചതോടെ പ്രദേശവാസികൾ ഭീതിയിലായിരിക്കുകയാണ്.
മദ്യരാജാവ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള മക്ഡവൽ കമ്പനിയിൽ നാലു വർഷം മുൻപാണ് മദ്യം ഉത്പാദനം നിലച്ചത്. നിലവിൽ ബിയർ മാത്രമേ ഇവിടെ നിർമ്മിക്കുന്നുള്ളൂ. 18 ഏക്കർ വിസ്തൃതിയുള്ള കോമ്പൗണ്ടിൽ കമ്പനിയുടെ സ്വന്തം പേരിലുള്ളത് മൂന്നര ഏക്കറോളം മാത്രമാണ്. സർക്കാർ ഉടമസ്ഥതയിലുള്ളതാണ് ബാക്കിയുള്ള ഭാഗങ്ങൾ. മദ്യം ഉത്പാദനം അവസാനിച്ചതോടെ
കമ്പനി പരിസരം കാടുപിടിച്ചു. വടക്കു ഭാഗത്തെ മതിലിനോടു ചേർന്നാണ് ജയമോളുടെ വീട് സ്ഥിതിചെയ്യുന്നത്. കമ്പനി വളപ്പിലെ ഇഴജന്തുക്കൾ പരിസരങ്ങളിലേക്കും എത്തിത്തുടങ്ങിയതാണ് നാട്ടുകാരെ ഭയപ്പെടുത്തുന്നത്.
ചുറ്റുമതിൽ പൊളിഞ്ഞ് കിടക്കുന്നതിനാൽ അണലി, മൂർഖൻ തുടങ്ങിയവ പകൽ സമയങ്ങളിൽ പോലും വീടുകളിൽ കയറുന്നത് പതിവാണെന്ന് സമീപവാസികൾ പറയുന്നു. അടുത്തിടെ പ്രദേശത്ത് നിന്ന് ഉഗ്രവിഷമുള്ള രക്ത അണലിയെ പിടികൂടിയിരുന്നു. പലതവണ പരാതിപ്പെട്ടെങ്കിലും ജനങ്ങളുടെ ദുരിതത്തിന് നേരെ കമ്പനി അധികൃതർ മുഖംതിരിക്കുകയാണെന്നാണ് ആക്ഷേപം. ക്വാർട്ടേഴ്‌സും ഓഫീസുമായി മുപ്പതിലധികം കെട്ടിടങ്ങളാണ് കോമ്പൗണ്ടിൽ ഉള്ളത്. ഇതിൽ ഭൂരിഭാഗവും കാലപ്പഴക്കത്താൽ ജീർണിച്ച് നിലംപൊത്താറായ അവസ്ഥയിലാണ്. കമ്പനിയിൽ നിന്നുള്ള കുപ്പികളും ഖരമാലിന്യങ്ങളും അടക്കം കുന്നുകൂടിയതോടെയാണ് ഇവിടം ഇഴജന്തുക്കളുടെ കേന്ദ്രമായി മാറിയത്.
# ഭൂമി തിരിച്ചുപിടിക്കുമോ?
മാലിന്യ നിർമ്മാർജ്ജനത്തിനായി കമ്പനി വളപ്പിൽ സംസ്‌കരണ യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തന രഹിതമാണ്. കഴിഞ്ഞ പ്രളയകാലത്ത് ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ 21 ലോറികളിലായി കൊണ്ടുവന്നാണ് ഈ സംസ്‌ക്കരണ യൂണിറ്റിൽ നിക്ഷേപിച്ചത്. മാനേജ്മെന്റ് കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമി തിരിച്ചുപിടിക്കണമെന്ന് തൊഴിലാളി യൂണിയനുകൾ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. കോമ്പൗണ്ടിനുള്ളിലെ ജീർണിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയും കാടുകൾ നശിപ്പിച്ചും മാലിന്യങ്ങൾ നീക്കിയും തങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.