ആലപ്പുഴ: നഗരചത്വരത്തിൽ മുന്നൂറിലധികം സ്ത്രീകൾ രാത്രിയിൽ ഒത്തുചേർന്നത് വ്യത്യസ്ത അനുഭവമായി. കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അ'സമയം എന്ന സ്ത്രീപക്ഷ പരിപാടിയിലാണ് ജില്ലയുടെ വിവിധ സി.ഡി.എസുകളിൽ നിന്നായി സ്ത്രീകൾ ഒത്തുചേർന്നത്.

രാത്രി നടത്തം, സെക്കൻഡ് ഷോ കാണൽ, സംവാദം, പാട്ടരങ്ങ്, വിവിധ മത്സരങ്ങൾ തുടങ്ങിയ വേറിട്ട പരിപാടികളാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടത്തിയത്. രാവുകൾ ഞങ്ങളുടേത് കൂടിയാണ് എന്നതായിരുന്നു മുദ്രാവാക്യം. വൈകിട്ട് ഓപ്പൺ ഫോറത്തോട് കൂടി നഗരചത്വരത്തിൽ പരിപാടികൾ തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് മുഖ്യാതിഥിയായിരുന്നു. അഡ്വ. രാജശ്രീ മോഡറേറ്ററായി. ഡോ. സൈറു ഫിലിപ്പ്, ഗീത തങ്കമണി, അരുണിമ സുൾഫിക്കർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ഓപ്പൺ ഫോറത്തിന് ശേഷം സ്ത്രീപക്ഷ സിനിമകളോടുള്ള പിന്തുണ അറിയിച്ചുകൊണ്ട് മുന്നൂറിലധികം വനിതകൾ കൈരളി തീയറ്ററിൽ 'ഉയരെ' സിനിമ കണ്ടു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ പി.സുനിൽ, എ.ഡി.എം.സി കെ.ബി.അജയകുമാർ, ഡി.പി.എം സുനിത മിഥുൻ, ബ്ലോക്ക് കോ- ഓർഡിനേറ്റർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് ബീച്ചിൽ കൂട്ടായ്മയും രാത്രിയിൽ സംഘടിപ്പിച്ചു.