അരൂർ: അരൂരിന്റെ പൈതൃക തണ്ണീർത്തടമായ എരിയകുളം നികത്തി പൊലീസ് സ്റ്റേഷൻ നിർമ്മിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. സി.പി.ഐ അരൂർ മണ്ഡലം അസി. സെക്രട്ടറി പി.ആർ.ഷാഹനും ജനകീയ പ്രതിരോധ സമിതി കൺവീനർ വി.കെ. ഗൗരീശനും നൽകിയ ഹർജിയെ തുടർന്നാണ് വിധി.
ഒരേക്കറിലധികം വിസ്തൃതിയുണ്ടായിരുന്ന എരിയകുളം കൈയേറ്റം മൂലം നികത്തപ്പെട്ട് അറുപത് സെന്റായി ചുരുങ്ങിയിരുന്നു. കുളത്തിന്റെ പകുതി ഭാഗം ജപ്പാൻ കുടിവെള്ള പദ്ധതിയിലെ ജലസംഭരണിക്ക് നൽകി. നികത്താതെ കിടക്കുന്ന ഭാഗത്ത് മാലിന്യം നിറഞ്ഞതോടെ പഞ്ചായത്ത് കമ്മിറ്റി കുളത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് കല്ല് കെട്ടി സംരക്ഷിക്കാൻ ഫണ്ട് വകയിരുത്തിയിരുന്നു. പിന്നീട് കുളം നികത്താനുള്ള ശ്രമം നടന്നപ്പോൾ സംസ്ഥാന കാർഷികോത്പാദക കമ്മിഷണർ വിഷയത്തിൽ ഇടപെട്ടു കുളം നില നിറുത്തണമെന്ന് ആവശ്യപ്പെട്ടു. കമ്മിഷണറുടെ ഉത്തരവ് മറികടന്ന് റവന്യു സെക്രട്ടറിയും കൃഷി സെക്രട്ടറിയും എരിയ കുളം നികത്താൻ അനുമതി നൽകുകയായിരുന്നു. കുളം നികത്തി പൊലീസ് സ്റ്റേഷൻ നിർമ്മാണത്തിന് പദ്ധതിയും തയ്യാറായി. ഇതിനെതിരെയാണ് ഹൈക്കോടതിയിൽ ഗൗരീശനും ഷാഹനും ഹർജി നൽകിയത്.