ആലപ്പുഴ : വിളിപ്പുറത്തെത്തി നിൽക്കുന്ന ഉപതിരഞ്ഞെടുപ്പിൽ അരൂരിൽ ആരുകും സ്ഥാനാർത്ഥിയെന്നതിനെപ്പറ്റിയാണ് ഇപ്പോൾ മൂന്നു മുന്നണികൾക്കുള്ളിലും ചർച്ച മുറുകുന്നത്. പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ എ.എം.ആരിഫ് രാജിവയ്ക്കുന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.
എം.എൽ.എ സ്ഥാനം രാജിവച്ചാൽ ആറ് മാസത്തിനകംമണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് വ്യവസ്ഥ. ഇതനുസരിച്ച് വരുന്ന നവംബറിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ മതി. എന്നാൽ, മഞ്ചേശ്വരത്തെയും പാലായിലെയും പ്രതിനിധികൾ മരിച്ചതിനാൽ അവിടെയും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. രണ്ടിടത്തെയും ജനപ്രതിനിധികൾ മരിട്ടിട്ട് മാസങ്ങളായി. ഒഴിവ് വരുന്ന എല്ലാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് ഇതിനൊപ്പം നടത്താനാണ് സാദ്ധ്യത. അതുകൊണ്ടാണ് സ്ഥാനാർത്ഥികളാകാനുള്ള തള്ളിക്കയറ്റം അരൂരിൽ ഇപ്പോഴേ തുടങ്ങിയത്.
എൽ.ഡി.എഫിലും യു.ഡി.എഫിലും സ്ഥാനാർത്ഥി മാേഹികൾ ഒത്തിരിയുണ്ട്. പാർലമെൻറ് തിരഞ്ഞെടുപ്പിൽ അരൂരിൽ മുൻതൂക്കം ലഭിച്ചതാണ് യു.ഡി.എഫിലെ സ്ഥാനാർത്ഥിമോഹികൾക്ക് ആത്മവിശ്വാസമേകുന്നത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സംഗതി മാറുമെന്നും എൽ.ഡി.എഫിന് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ നേടിയ വമ്പൻ കുതിപ്പ് നിമയസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനാകുമെന്നും അരൂരിൽ വിജയിക്കാനാകുമെന്നുമാണ് ബി.ജെ.പിയുടെ വിലയിരുത്തൽ.
സി.പി.എം മുൻ ജില്ലാ സെക്രട്ടറി സി.ബി.ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ദലീമ ജോജോ, മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി.പുളിക്കൽ എന്നിവരുടെ പേരുകളാണ് എൽ.ഡി.എഫിൽ നിന്ന് കേൾക്കുന്നത്. ചേർത്തലയിലെ പാർട്ടി നേതൃത്വം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.പ്രസാദിന്റെ പേരും മുന്നോട്ട് വയ്ക്കുന്നുണ്ട്.
യു.ഡി.എഫ് സ്ഥാനാർത്ഥിയാകാൻ ഷാനിമോൾ ഉസ്മാൻ കരുക്കൾ നീക്കുന്നുണ്ടെങ്കിലും കോൺഗ്രസിൽ നിന്ന് അനുകൂലനിലപാട് ഉണ്ടാകില്ലെന്നാണ് അറിയുന്നത്. അരൂരിൽ 80 ശതമാനം ഈഴവ വോട്ടർമാരാണ്. അതുകൊണ്ട് ഈഴവ സമുദായത്തിൽ നിന്നുള്ളയാളെ സ്ഥാനാർത്ഥിയാകണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. നിലവിലെ നിയമസഭയിൽ അടൂർ പ്രകാശ് മാത്രമാണ് യു.ഡി.എഫിൽ നിന്ന് ഈഴവ പ്രതിനിധിയായി ഉണ്ടായിരുന്നത്. അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്ന് വിജയിച്ചതോടെ റാന്നിയിലും ഉപതിരഞ്ഞെടുപ്പ് നടക്കും. അവിടെ ഈഴവ സുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പരിഗണിച്ചില്ലെങ്കിൽ അരൂരിൽ സമുദായാംഗത്തിന് സീറ്റ് നൽകണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. എന്തായാലും എളുപ്പമാകില്ല സ്ഥാനാർത്ഥി നിർണയമെന്ന് ഉറപ്പായി.
സോഷ്യൽ മീഡിയയിൽ
ഒരു മുഴം മുമ്പേ
സ്ഥാനാർത്ഥിയെപ്പറ്റി മുന്നണികളുടെ പ്രധാന നേതാക്കൾ മനസുതുറന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ പല 'സ്ഥാനാർത്ഥികളും" രംഗപ്രവേശം ചെയ്തിട്ടുണ്ട്. തങ്ങൾ നേരിട്ടല്ല, 'അണികളാണ്" ഇതൊക്കെ ചെയ്യുന്നതെന്നാണ് സ്ഥാനാർത്ഥി പരിഗണനയിലുള്ളവർ പറയുന്നത്. യു.ഡി.എഫിലെ സ്ഥാനാർത്ഥിയെ നിശ്ചയിച്ച പോലെയാണ് ചില പോസ്റ്റുകൾ. ഇരു പക്ഷത്തെയും സ്ഥാനാർത്ഥികളുടെ ചിത്രം വച്ചും പോസ്റ്റുകൾ പറക്കുന്നു.
ആലപ്പുഴയുടെ ഐശ്വര്യം ഇനി അരൂരിന്റെ ഐശ്വര്യമാകും എന്നാണ് ഒരു ഇടതു നേതാവിന്റെ ചിത്രം വച്ച് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. തങ്ങൾക്ക് താത്പര്യമുള്ളവരുടെ പേരുകൾ സ്ഥാനാർത്ഥിയുമായി കൂട്ടിക്കെട്ടി വലിയൊരു വിഭാഗം സോഷ്യൽ മീഡിയയിൽ സജീവമാണ്. വരും ദിവസങ്ങളിൽ ഇതിന്റെ തീവ്രത കൂടുമെന്നുറപ്പ്.